കരിങ്കോഴി വളർത്തലിലും മികവ് തെളിയിച്ച് പൊതുപ്രവർത്തകൻ
മുണ്ടക്കയം: പൊതുപ്രവർത്തനത്തിനൊപ്പം കരിങ്കോഴി വളർത്തലും നടത്തി ശ്രദ്ധേയനാവുകയാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ. ടി ബിനു. റബർ വിലയിടിവിനെ തുടർന്നാണ് മുണ്ടക്കയം 35ാം മൈൽ സ്വദേശി ബിനു കരിങ്കോഴി വളർത്തൽ ആരംഭിച്ചത്.
വരുമാന നഷ്ടത്തിന്റെ കണക്ക് മാത്രം റബർ നൽകിയതോടെയാണ് കരിങ്കോഴി കൃഷിയിലേക്ക് തിരിഞ്ഞത്. 15 ഓളം കരിങ്കോഴികളെ വളർത്തിയായിരുന്നു തുടക്കം. ഇപ്പോൾ നാലു കൂടുകളിലായി 250ാളം കരിങ്കോഴികളുണ്ട്. റബറിനെക്കാൾ ലാഭം കരിങ്കോഴി കൃഷി നൽകുന്നുണ്ടെന്നാണ് ബിനുവിന്റെ പക്ഷം. പെരുവന്താനം മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബിനു നിലവിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം ജില്ല കമ്മിറ്റി അംഗവുമാണ്.
പുലർച്ചെ വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെ പൂവഞ്ചിയിലുള്ള ഫാമിൽ എത്തിയാണ് ബിനുവിന്റെ ദിവസം തുടങ്ങുന്നത്. ഭാര്യ ജിജിയും ഒപ്പം കൂടും. കുഞ്ഞുങ്ങളെ വിരിയിക്കാൻ ഇൻകുബേറ്ററാണ് ഉയോഗിക്കുന്നത്. ഒരാഴ്ച കഴിഞ്ഞാൽ ഫാമുകളിലെ കൂടുകളിലേക്ക് കുഞ്ഞുങ്ങളെ തുറന്ന് വിടും. കരിങ്കോഴി ഇറച്ചിക്കും മുട്ടയ്ക്കും ആവശ്യക്കാർ ഏറെയുണ്ട്. കൊഴുപ്പ് കുറവുള്ള ഇറച്ചിയാണ് കരിങ്കോഴിയുടേത്.
ചികിത്സകൾക്കായി കർക്കിടകത്തിൽ മുട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്. മുട്ട ഒന്നിന് 20 മുതൽ 25 രൂപ വരെ വിലയുണ്ട്. കരിങ്കോഴിയുടെ മുട്ടകൾ മുണ്ടക്കയം 35ാം മൈലിലെ ജൈവ മാർക്കറ്റിലേക്കാണ് നൽകുന്നത്.
കരിങ്കോഴികളെ കൂടാതെ ഫാമിൽ നാടൻ പശുക്കളും പടുതകുളത്തിൽ മീൻ കൃഷിയും ബിനുവിനുണ്ട്. ലോക് ഡൗൺ സമയത്ത് ഈ കുളത്തിൽ നിന്നു പിടിച്ച നൂറ് കിലോയോളം മീനുകൾ പ്രദേശവാസികൾക്ക് സൗജന്യമായി നൽകി. കൂടതെ തേനീച്ച വളർത്തലും ഒപ്പം ഉണ്ട്. തിരക്ക് പിടിച്ച ഓട്ടത്തിനിടയിയിൽ വരുമാനമാർഗമെന്നതിനെക്കാൾ മാസസിക ഉല്ലാസം കൂടി ഫാമിൽ ചെലവിടുന്ന സമയത്തിനുണ്ടെന്ന് ബിനു പറയുന്നു.