ചെറുവള്ളി എസ്റ്റേറ്റ് ഇനി സമ്പൂർണ്ണ കോവിഡ് വാക്‌സിനേറ്റഡ് വാർഡ്; വാർഡ് മെമ്പർ അനിശ്രീ സാബുവിന് നന്ദി..
എരുമേലി : വാർഡ് മെമ്പർ അനിശ്രീ സാബുവിന്റെ അക്ഷീണ പ്രവർത്തനങ്ങൾക്ക് നന്ദി. മെമ്പറും നാട്ടുകാരും ഒരുമിച്ചു വാക്സിനെടുത്തപ്പോൾ ചെറുവള്ളി എസ്റ്റേറ്റ് വാർഡിൽ ചരിത്രം പിറന്നു. കേരളത്തിലെ ആദ്യ സമ്പൂർണ കോവിഡ് വാക്‌സിനേറ്റഡ് വാർഡ് ആയതിന്റെ ബഹുമതിയും ഇനി ചെറുവള്ളി എസ്റ്റേറ്റിന് സ്വന്തം .
വാക്സിനേഷന്റെ രണ്ടാമത്തെ ക്യാമ്പ് ആണ് ഇന്നലെ ചെറുവള്ളി എസ്റ്റേറ്റിൽ നടന്നത്. ഒന്നര മാസം മുമ്പായിരുന്നു ആദ്യ ഡോസ് വാക്സിനേഷൻ നൽകിയ ക്യാമ്പ്. ഇന്നലെ രണ്ടാം ഘട്ട ഡോസ് നൽകി. ഇന്നലെ 560 പേർ ക്യാമ്പിൽ വാക്സിനേഷൻ സ്വീകരിച്ചു. വാർഡ് അംഗം അനിശ്രീ സാബുവിന്റെ നിരന്തരമായ പരിശ്രമമാണ് സമ്പൂർണ വാക്സിനേഷൻ നടപ്പാക്കുന്നതിൽ എത്തിയതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തോട്ടം തൊഴിലാളികളാണ് വാർഡിലെ എല്ലാവരും. ഇന്റർനെറ്റ് ലഭ്യത എസ്റ്റേറ്റിൽ പരിമിതമായതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി വാക്സിനേഷൻ സ്വീകരിക്കാൻ കഴിയില്ലെന്ന് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പെടെ ഉള്ളവരെ വാർഡ് അംഗം അറിയിച്ചിരുന്നു. ക്യാമ്പ് നടത്തി എല്ലാവർക്കും വാക്സിൻ നൽകണമെന്ന് വാർഡ് അംഗം ആവശ്യം തുടർന്നതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ആരോഗ്യ വകുപ്പിൽ നിന്നും അന്വേഷണം നടത്തി മെമ്പറുടെ ആവശ്യം ന്യായമാണോയെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചു. ഇതോടെയാണ് ഭാവിയിൽ വിമാനത്താവളത്തിന് പദ്ധതി ഒരുങ്ങിയ ചെറുവള്ളി എസ്റ്റേറ്റിലെ പരിമിതികൾ പുറത്തുവന്നത്. തൊഴിലാളികൾക്ക് വാക്സിൻ ലഭിക്കാൻ ജോലിയും ഇന്റർനെറ്റ് തടസവും മൂലം കഴിയുന്നില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായി. തുടർച്ചയായി ബന്ധപ്പെട്ട് ആവശ്യം ഉയർത്തിയ വാർഡ് അംഗത്തെ അഭിനന്ദിച്ച ശേഷമാണ് ഇന്നലെ ക്യാമ്പ് പൂർത്തിയാക്കി ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും മടങ്ങിയത്. എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രത്യേകമായി ക്യാമ്പിന് സൗകര്യങ്ങൾ ഒരുക്കിനൽകിയിരുന്നു. വാർഡിലെ എല്ലാവരെയും ക്യാമ്പിലെത്തിക്കാൻ മെമ്പറുടെ നേതൃത്വത്തിൽ വാർഡ് റാപ്പിഡ് റെസ്പോൺസ് ടീമും സന്നദ്ധ പ്രവർത്തകരും പ്രചരണം നടത്തിയിരുന്നു. ക്യാമ്പിൽ സാമൂഹിക അകലവും ഉറപ്പാക്കിയിരുന്നെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.