എരുമേലിയിൽ രോഗസ്ഥിരീകരണ നിരക്കുയരുന്നു
എരുമേലി: രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണത്തിൽ ഇളവ് ലഭിച്ചതോടെ എരുമേലിയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 6.47 ആയിരുന്ന ടി.പി.ആർ. ഇളവിനെത്തുടർന്ന് ഇരട്ടിയിലധികമായി.
വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 18.07 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. വ്യാഴാഴ്ച 80 പേരെ പരിശോധിച്ചതിൽ 15 പേർ കോവിഡ് ബാധിതരെന്ന് കണ്ടെത്തി.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം പഞ്ചായത്തിലെ വിവിധ വാർഡുകളിലായി നിലവിൽ 64 പേരാണ് കോവിഡ് പോസിറ്റീവായുള്ളത്. ഇതിൽ 27 പേർ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 37 പേർ വീടുകളിൽ ക്വാറന്റീനിലുമാണ്.
എരുമേലി പഞ്ചായത്തിൽ ചേനപ്പാടി, പഴയിടം വാർഡുകളിലാണ് കൂടുതൽ കോവിഡ് ബാധിതർ. ചേനപ്പാടി-19, പഴയിടം-13 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഒൻപത് വാർഡുകൾ കോവിഡ് മുക്തമായി. 20, 17 വാർഡുകളിൽ യഥാക്രമം ആറ്, അഞ്ച് എന്നിങ്ങനെയും മറ്റ് വാർഡുകളിൽ മൂന്നിൽതാഴെയുമാണ് കോവിഡ് ബാധിതർ.
നിലവിൽ ബി കാറ്റഗറിയിലാണ് എരുമേലിയിൽ തുടരുന്ന നിയന്ത്രണങ്ങൾ. രോഗസ്ഥിരീകരണ നിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്.