എസ്റ്റേറ്റ് ഭൂമിയിൽനിന്ന് അനധികൃതമായി മരം മുറിച്ചു കടത്തുന്നതായി പരാതി
മുണ്ടക്കയം ഈസ്റ്റ്: സംസ്ഥാന സർക്കാരുമായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന കൊക്കയാര്‍ വില്ലേജിലെ ബോയിസ് പാരിസണ്‍ ഗ്രൂപ്പിന്റെ കൈവശത്തിലുളള കൊടികുത്തി ഡിവിഷനിൽ നിന്നു അനധികൃതമായി മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തി. പ്ലാവ്, മാവ്, മരുതി,ആഞ്ഞിലി, മറ്റ് പാഴ് മരങ്ങള്‍ എന്നിവയാണ് മുറിച്ചു കടത്തിയതായി പരാതി ഉയരുന്നത്. സംഭവം സംബന്ധിച്ച കൊടികുത്തി സ്വദേശി സുരേന്ദ്രന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതായും പീരുമേട് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും കൊക്കയാര്‍ വില്ലേജ് ഓഫീസര്‍ കെ.എസ്. സിന്ധു അറിയിച്ചു.
ഹാരിസണ്‍ കമ്പനി സര്‍ക്കാരില്‍ നിന്നു പാട്ടത്തിനെടുത്ത ഭൂമി പിന്നീട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസണ്‍ ഗ്രൂപ്പിന് വില്‍പ്പന നടത്തിയിരുന്നു. തോട്ടത്തിലെ ബെല്റ്റ്കാട് എന്നറിയപ്പെടുന്ന ഭാഗത്തുനിന്ന മരങ്ങളാണ് മുറിച്ച് കടത്തിയത്.
സർക്കാരുമായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന എസ്റ്റേറ്റ് ഏറ്റെടുക്കുവാൻ രാജമാണിക്യം കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തോട്ടം മാനേജ്മെന്റ് കോടതിയെ സമീപിച്ചു താത്കാലിക സ്റ്റേ വാങ്ങി വീണ്ടും തോട്ടം പ്രവര്‍ത്തിച്ചു വരികയാണ്. എന്നാല്‍, ഇവിടെ ഇടവിളകൃഷി, മരം മുറിച്ചു നീക്കല്‍ എന്നിവയൊന്നും നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ മരം മുറിച്ചുനീക്കിയിരിക്കുന്നത്.
ഈ ഉത്തരവ് ലംഘിച്ചു കൈത, കാപ്പി, വാഴ, കമുക് അടക്കമുളള ഇടവിള കൃഷിയും നടക്കുന്നുണ്ട്. ഇതിനിടെ മരംമുറിക്കല്‍ നടപടിക്കെതിരേ ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, റവന്യു മന്ത്രി, വനം മന്ത്രി എന്നിവർക്ക് ചില പൊതു പ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. അനധികൃതമായി മരം മുറിച്ച് കടത്തിയവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.