എരുമേലി-റാന്നി സംസ്ഥാനപാതയിലെ മറ്റന്നൂർക്കര ജങ്ഷനിൽ അടുപ്പിച്ച്രണ്ട് അപകടം ; വളവിൽ വേഗനിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാകുന്നു
എരുമേലി: എരുമേലി-റാന്നി സംസ്ഥാനപാതയിലെ മറ്റന്നൂർക്കര ജങ്ഷനിൽ അടുപ്പിച്ച് രണ്ട് അപകടങ്ങൾ.
പരിക്കുകളില്ലാതെ യാത്രക്കാർ രക്ഷപ്പെട്ടു. അമിതവേഗം തടയാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന ആവശ്യം നിൽക്കേ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം.
പാതയോരത്ത് പാർക്കുചെയ്തിരുന്ന കാർ റോഡിലേക്ക് കയറുന്നതിനിടെ എതിരേവന്ന കാർ ഇടിച്ചാണ് ആദ്യ അപകടം. ഇടിച്ച കാർ റോഡരികിലെ വീടിന്റെ ഗേറ്റിൽ ഇടിച്ചുനിന്നു. ഡോർ പൊളിച്ചാണ് ഡ്രൈവറെ പുറത്തിറക്കിയത്. ഇതിന് പിന്നാലെ മറ്റൊരു കാർ നിയന്ത്രണംതെറ്റി ഓടയിൽ ചാടി. രണ്ട് അപകടങ്ങളിലായി മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ടായെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ആറുകോടിയോളം ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച പാതയിൽ മറ്റന്നൂർക്കര ജങ്ഷനിൽമാത്രം മറുവശം കാണാനാകാത്ത മൂന്ന് വളവുകളാണുള്ളത്. റോഡിന്റെ നിലവാരം പലപ്പോഴും അമിതവേഗത്തിനും കാരണമാകുന്നു. വീതി കുറവായതിനാൽ ജങ്ഷനിൽ വഴിയാത്രക്കാർക്ക് നടന്നുപോകാനും ഇടം കുറവ്. ഓടകൾ സ്ലാബിട്ട് മൂടാത്തതും റോഡിന്റെ വശങ്ങളിലെ കട്ടിങ്ങും വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണി ഉയർത്തുന്നു.