യൂറിയ കടത്ത് ; പരിശോധന കർശനമാക്കാൻ കൃഷി ഡയറക്ടറുടെ നിർദേശം ; കാഞ്ഞിരപ്പള്ളിയിൽ ക്രമക്കേട് കണ്ടെത്തി നോട്ടീസ് നൽകി
കാഞ്ഞിരപ്പള്ളി : കൃഷിയാവശ്യത്തിനുള്ള യൂറിയ വൻതോതിൽ വാങ്ങി മറിച്ചുവിൽക്കുന്നുവെന്ന വ്യാപക പരാതികൾക്കൊടുവിൽ പരിശോധന കർശനമാക്കാൻ കൃഷി വകുപ്പ് ഡയറക്ടറുടെ നിർദേശം. എല്ലാ ജില്ലയിലെയും കൃഷി ഓഫീസർമാർ രണ്ടാഴ്ച കൂടുമ്പോൾ വളം ഡിപ്പോകളിൽ പരിശോധന നടത്തി റിപ്പോർട്ട് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നൽകണം.
മുമ്പ് മാസത്തിലൊരു പരിശോധനയാണ് നടത്തിയിരുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ പരിശോധന തുടങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ വൻതോതിൽ യൂറിയ വാങ്ങിയ കച്ചവടക്കാരെക്കുറിച്ച് അന്വേഷിക്കണമെന്നും കൃഷി ആവശ്യത്തിനല്ലാതെ വാങ്ങിയവരുെടപേരിൽ നടപടിയെടുക്കണമെന്നുമാണ് പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്.
മൊത്തവില്പനശാലകളിൽ എത്തിക്കുന്ന യൂറിയ കൃത്യമായി ചില്ലറ വളംവില്പനശാലകളിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഡീലർമാരുടെപേരിൽ നടപടിയെടുക്കണമെന്നുമാണ് മറ്റൊരു നിർദേശം.
ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ നേതൃത്വത്തിൽ വളം കമ്പനികൾ, മൊത്തവില്പനക്കാർ എന്നിവരുടെ യോഗം എല്ലാ മാസവും ചേരണം. ഒരു പ്രദേശത്തുതന്നെ ഒന്നിലധികം ലൈസൻസുള്ള വ്യാപാരികളുടെ കാര്യത്തിൽ പരിശോധനയ്ക്ക് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. എറണാകുളം, പാലക്കാട് ജില്ലകളിലെ വ്യാവസായിക മേഖലകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദേശമുണ്ട്.
കൃഷി ആവശ്യത്തിനുള്ള യൂറിയ വാങ്ങി വ്യാവസായികാവശ്യത്തിന് മറിച്ചുവിൽക്കുന്നുവെന്നായിരുന്നു കർഷകരുടെ പരാതി. കർഷക കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി എബി ഐപ്പ് ഇതുസംബന്ധിച്ച് കൃഷിവകുപ്പധികൃതർക്ക് പരാതി നൽകിയിരുന്നു.