കോട്ടയത്തിന് പുതിയ കളക്ടർ. ഡോ. പി.കെ.ജയശ്രീ
കോട്ടയം: കോട്ടയത്തിന് ഡോ. പി.കെ.ജയശ്രീ പുതിയ കളക്ടർ. നിലവിലെ കളക്ടർ എം.അഞ്ജന പൊതുഭരണവകുപ്പ് ജോയിൻറ് ഡയറക്ടറാകും. ഒപ്പം സാമൂഹ്യക്ഷേമവകുപ്പ് ഓഫീസറുടെ അധികച്ചുമതലയും വഹിക്കും. പല ജില്ലകളിലെയും പ്രവർത്തനത്തിൽ ഏറെ പ്രശംസ പടിച്ചുപറ്റിയ ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടർ പദവിയിൽനിന്നാണ് കോട്ടയത്തേക്ക് എത്തുന്നത്.
1987-ൽ കൃഷിവകുപ്പിൽ ഓഫീസറായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. അഗ്രോണമിയിൽ ഡോക്ടറേറ്റ് നേടിയ ജയശ്രീ 2000-ൽ കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അസി.പ്രൊഫസറായി. 2007-ൽ കാസർകോട് റവന്യൂവകുപ്പിൽ ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്. എൻഡോസൾഫാൻ ദുരിതമേഖലകളിൽ നടത്തിയ സേവനത്തിലൂടെയാണ് ജയശ്രീ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
2012-ൽ തൃശ്ശൂരിൽ െഡപ്യൂട്ടി കളക്ടറായപ്പോൾ തൃശൂർ കളക്ടറുടെ ചുമതലയും വഹിച്ചു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററും കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററുമായിരുന്നു. 2013-ൽ തൃശ്ശൂരിലെയും 2015-ൽ കാസർകോട്ടെയും സേവനത്തിന് മികച്ച ഡെപ്യൂട്ടി കളക്ടറെന്ന അംഗീകാരം നേടിയിരുന്നു.തൃശ്ശൂർ സ്വദേശിനിയാണ്. കാസർകോട് പെരിയ സ്വദേശിയും എസ്.ബി.ഐ. കോഴിക്കോട് ശാഖാ മാനേജരുമായിരുന്ന സി.വി.രവീന്ദ്രനാണ് ഭർത്താവ്. മക്കൾ: ഡോ. ആരതി, അപർണ.