റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം നിലച്ചു
: ഭരണമുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള പടലപ്പിണക്കത്തിൽ റേഷൻ കടകളിലെ മണ്ണെണ്ണ വിതരണം നിലച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് 64.8 ലക്ഷം ലിറ്റർ മണ്ണെണ്ണയാണു കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തിനു അനുവദിച്ചത്. ഇത് ഒരു മാസത്തെ ആവശ്യത്തിനുപോലും തികയില്ല. മണ്ണെണ്ണ വിഹിതം അനുവദിക്കുന്നതിൽ കേന്ദ്രം വർഷങ്ങളായി കടുത്ത വിവേചനം കാണിക്കുന്ന സാഹചര്യത്തിലാണ് സിപിഎം – സിപിഐ മന്ത്രിമാരുടെ പിടിവാശി പ്രശ്നം സങ്കീർണമാക്കിയിരിക്കുന്നത്.
കേന്ദ്രത്തിൽനിന്നും അനുവദിക്കുന്ന മണ്ണെണ്ണ ഗാർഹികം, കൃഷി, മത്സ്യബന്ധനം, വ്യവസായം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. നോണ്‍ സബ്സിഡി (പിഡിഎസ്) ഇനത്തിൽ കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഉത്സവകാലത്ത് ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. റേഷൻ മണ്ണെണ്ണയ്ക്ക് ഇപ്പോൾ സബ്സിഡിയില്ലാത്തതിനാൽ സംസ്ഥാനങ്ങൾക്കു അധിക മണ്ണെണ്ണ അനുവദിക്കുന്പോൾ കേന്ദ്ര സർക്കാരിനു സാന്പത്തിക നഷ്ടമില്ല. ഓരോ സംസ്ഥാനത്തിനും മണ്ണെണ്ണ പ്രത്യേകമായി നൽകാനും കേന്ദ്രത്തിനു ചുമതലയുണ്ട്.
നാളുകൾക്കു മുന്‍പുവരെ പ്രത്യേകമായി വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്കു വില കൂടുതലുണ്ടായിരുന്നെങ്കിൽ ഇപ്പോൾ റേഷൻ മണ്ണെണ്ണയുടെ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. ഫിഷിംഗ് പെർമിറ്റുകളടക്കമുള്ള വിഹിതത്തിനു സംസ്ഥാനങ്ങൾ പ്രത്യേക അപേക്ഷ നൽകുന്പോൾ ആവശ്യാനുസരണം നോണ്‍ സബ്സിഡി മണ്ണെണ്ണ അനുവദിക്കാനും ഇപ്പോൾ കഴിയും. മുന്‍പ് ഓപ്പണ്‍ മാർക്കറ്റിൽനിന്നും മണ്ണെണ്ണ എടുക്കുന്പോഴത്തെ വിലക്കൂടുതലിനെ തുടർന്നാണ് റേഷൻ മണ്ണെണ്ണ ഫിഷിംഗ് പെർമിറ്റുകൾക്കു സർക്കാർ ഉപയോഗിച്ചിരുന്നത്.
ഇതു സംബന്ധിച്ചു കേന്ദ്രം താക്കീത് നൽകുകയും റേഷൻ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണ ഗാർഹിക – പാചകാവശ്യത്തിനു മാത്രമുള്ളതാണ്. അതു മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്രം അനുശാസിച്ചിട്ടുള്ളത്. തമിഴ്നാട്ടിൽ വർഷങ്ങളായി റേഷൻ, ഫിഷിംഗ് എന്നിങ്ങനെ തരംതിരിച്ചാണു കേന്ദ്രത്തിൽനിന്നും മണ്ണെണ്ണ വാങ്ങുന്നത്.
കേരളത്തിനു ലഭ്യമായ റേഷൻ മണ്ണെണ്ണ പൂർണമായും ഫിഷിംഗ് പെർമിറ്റുകളുടെ ആവശ്യത്തിനു മാത്രമെന്നാണ് ഫിഷറീസ് വകുപ്പിന്റെ പിടിവാശി. ഇതു സാധ്യമല്ലെന്നും റേഷൻ കടകളിലേക്കുള്ള വിതരണത്തിനും മണ്ണെണ്ണ ആവശ്യമാണെന്ന് ഭക്ഷ്യവകുപ്പു പറയുന്നു. ഫിഷറീസ് ആവശ്യത്തിനു പ്രത്യേകമായി സർക്കാർ മണ്ണെണ്ണ ആവശ്യപ്പെടാത്തതാണു പ്രതിസന്ധിക്കു കാരണമെന്നുള്ള ആരോപണം ഉയർന്നതോടെ അധിക മണ്ണെണ്ണയുടെ ആവശ്യം കാണിച്ച് ഇപ്പോൾ കേന്ദ്രത്തിനു അപേക്ഷ നൽകിയിട്ടുള്ളതായാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
എല്ലാ കാർഡുകൾക്കും ഓണത്തിന് രണ്ടു ലിറ്റർ നോണ്‍ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ഓൾ ഇന്ത്യാ റേഷൻ കാർഡ് ഹോൾഡേഴ്സ് അസോസിയേഷൻ ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കാൻ ഒരു സർവകക്ഷി സംഘത്തെ അടിയന്തരമായി ഡൽഹിക്ക് അയയ്ക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി നൈനി ജേക്കബ്, പ്രസിഡന്റ് ബേബിച്ചൻ മുക്കാടൻ എന്നിവർ പറഞ്ഞു.