വാക്സിനേഷൻ: നാളെ രാവിലെ 11 മുതൽ ബുക്ക് ചെയ്യാം
കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്ക് 12 മുതൽ 19 വരെ കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് നാളെ രാവിലെ 11 മുതൽ ബുക്ക് ചെയ്യാം. www.cowin.gov.in എന്ന പോർട്ടലിലാണ് രജിസ്ട്രേഷനും ബുക്കിംഗും നടത്തേണ്ടത്. ഒന്നാം ഡോസുകാർ മാത്രം ഓണ്‍ലൈൻ ബുക്കിംഗ് നടത്തിയാൽ മതിയാകും.
ജില്ലയിൽ ഇന്നലെ ലഭ്യമായതിൽ രണ്ടാം ഡോസ് സ്വീകരിക്കാൻ സമയമായവർക്കുവേണ്ടി നീക്കി വച്ചതിനുശേഷമുള്ള വാക്സിനാണ് ഒന്നാം ഡോസുകാർക്ക് നൽകുന്നതിനായി 83 കേന്ദ്രങ്ങളിലും എത്തിക്കുന്നത്.
രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവരുടെ പട്ടിക എല്ലാ കേന്ദ്രങ്ങളിൽനിന്നും ശേഖരിച്ചിട്ടുണ്ടെന്നും ആദ്യ ഡോസ് എടുത്ത കേന്ദ്രത്തിൽതന്നെ മുൻഗണനാ ക്രമത്തിൽ ഇവർക്ക് വാക്സിൻ നൽകിവരികയാണെന്നും ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
രണ്ടാം ഡോസുകാർ വാക്സിനേഷനുവേണ്ടി ഓണ്‍ലൈൻ ബുക്കിംഗ് നടത്തേണ്ടതില്ല. ആരോഗ്യ വകുപ്പ് ഷെഡ്യൂൾ ചെയ്ത് എസ്എംഎസ് അയയ്ക്കുന്നതനുസരിച്ചു വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും.
covid19.kerala.gov.inൽ രജിസ്റ്റർ ചെയ്യുന്ന മുൻഗണനാ വിഭാഗങ്ങളിൽ പെട്ടവരുടെ വാക്സിനേഷനും ഇതേ രീതിയിലാണ് നടത്തുന്നത്.
വിദേശത്ത് പോകുന്നവർക്ക്
വാക്സിനേഷൻ
കോട്ടയം: വിദേശത്ത് പോകുന്നവർ വാക്സിൻ സ്വീകരിക്കുന്നതിന് ആദ്യം www.cowin.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റിൽ വ്യക്തിവിവരങ്ങൾ നൽകി യാത്രാ രേഖകൾ അപ്ലോഡ് ചെയ്യണം.
വിവരങ്ങളും രേഖകളും ആരോഗ്യ വകുപ്പ് പരിശോധിച്ചശേഷം അർഹരായവർക്ക് വാക്സിനേഷൻ കേന്ദ്രവും സമയവും ഉൾപ്പെടെയുള്ള എസ്എംഎസ് അയയ്ക്കും. എസ്എംഎസ് ലഭിക്കുന്നവർ മാത്രം വാക്സിൻ സ്വീകരിക്കാൻ എത്തിയാൽ മതിയാകും. രജിസ്ട്രേഷനും രേഖകൾ അപ് ലോഡ് ചെയ്യുന്നതിനും പ്രത്യേക സമയക്രമീകരണം ഇല്ല.
വിദേശത്തു പോകേണ്ടവർക്ക് ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. രണ്ടാം ഡോസിനും covid19.kerala.gov.in/vaccine മുഖേന ബുക്ക് ചെയ്യണം. ഇതേ വെബ്സൈറ്റിൽ ലഭിക്കുന്ന ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റാണ് രേഖയായി അപ്ലോഡ് ചെയ്യേണ്ടത്.
രണ്ടു ഡോസുകളും സ്വീകരിച്ചുകഴിഞ്ഞാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇതേ വെബ്സൈറ്റിലെ VACCINE CERTIFICATE(FOR GOING ABROAD) എന്ന ഓപ്ഷൻ മുഖേന അപേക്ഷ നൽകണം.