വയോധികയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി….. കാഞ്ഞിരപ്പള്ളിയിൽ നടന്നത് മഹാത്ഭുതമോ ?

 October 21, 2020 

വയോധികയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി….. കാഞ്ഞിരപ്പള്ളിയിൽ നടന്നത് മഹാത്ഭുതമോ ? 

കാഞ്ഞിരപ്പള്ളി : ” ആ സ്വർണവും പണവും തിരികെ തന്നത് ദൈവമെന്ന മഹാശക്തിയാണ് ” കുളപ്പുറം ഒന്നാം മൈൽ വെട്ടുകല്ലേൽ അമ്മിണി(67) ഉറച്ചു വിശ്വസിക്കുന്നത് അങ്ങനെ തന്നെയാണ് . കാരണം കൈയിൽ ഇരുന്നിരുന്ന പഴ്സിൽ വച്ചിരുന്ന ഒന്നരപവൻ സ്വർണവും, മൂവായിരത്തി അഞ്ഞൂറ് രൂപയും, കളഞ്ഞുപോയത് എവിടെവച്ചാണെന്നു പോലും ഓർമ്മയില്ലാത്ത, ഹൃദയം നുറുങ്ങിയ അവസ്ഥയിൽ, നിറകണ്ണുകളോടെ കാഞ്ഞിരപ്പള്ളി പട്ടണ നടുവിൽ മുട്ടുകുത്തിനിന്ന് കരങ്ങൾ  ആകാശത്തേക്ക് ഉയർത്തി ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചപ്പോൾ നടന്നത് വലിയ ഒരു അത്ഭുതം തന്നെയാണ്. കാഞ്ഞിരപ്പള്ളി പട്ടണത്തിൽ എവിടെയോ വച്ച് നഷ്ട്ടപെട്ട സ്വർണവും പണവും, തന്റെ കൈയിൽ ഭദ്രമായി ഇരിപ്പുണ്ടെന്നു ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ ഇളംപള്ളിയിൽ നിന്നും ഒരു തമിഴ്‌നാട് സ്വദേശി ഫോണിൽ വിളിച്ചു അറിയിക്കുകയും, പോലീസ് ചുരുങ്ങിയ സമയത്തിനുള്ളിൽ അവിടെയെത്തി കളഞ്ഞുപോയ മുതൽ ഏറ്റെടുത്ത് , ഒരുരൂപ പോലും കുറയാത്ത അവസ്ഥയിൽ നഷ്ട്ടപെട്ടെതെല്ലാം വയോധികയുടെ കൈകളിൽ തിരികെ കൈയിൽ ഭദ്രമായി തിരികെ ഏൽപ്പിക്കുകയും ചെയ്തു. 

പണം നഷ്ട്ടപെട്ടതിനു ശേഷം കാഞ്ഞിരപ്പള്ളി പട്ടണത്തിന്റെ മുക്കിലും മൂലയിലും മണിക്കൂറുകളോളം കാഞ്ഞിരപ്പള്ളി എസ് ഐ മുകേഷിന്റെ നേതൃത്വത്തിൽ പോലീസ് അരിച്ചുപെറുക്കി അന്വേഷിച്ച ശേഷം കിട്ടാതെ നിരാശരായ സമയത്താണ് സ്വർണം ഭദ്രമായി കൈയിൽ ഇരുപ്പുണ്ടെന്ന ഫോൺ വന്നത്. അപ്പോഴേയ്ക്കും സ്വർണം നഷ്ടപെട്ടതിനു ശേഷം നിരാശയുടെ ആറര മണിക്കൂർ കടന്നുപോയിരുന്നു. ഇനിയൊരിക്കലും കിട്ടില്ല എന്ന് എല്ലാവരും കരുതിയെങ്കിലും, ആ സമയമത്രയും, അമ്മിണി നിറകണ്ണുകളോടെ കൈകൾ കൂപ്പി, പ്രാർത്ഥനയിൽ മുഴുകി, ദൈവം, തനിക്ക് നഷ്ടപെട്ട മുതൽ കണ്ടെത്തി തിരികെ തരും എന്ന അചഞ്ചലമായ വിശ്വാസത്തിൽ ഇരിക്കുകയായിരുന്നു. 

കളഞ്ഞുപോയ സ്വർണം ഉച്ചയോടെ റോഡരിൽ നിന്നും കിട്ടിയ കരുണാനിധി എന്ന തമിഴൻ, അതുമായി വാഴൂർ ഇളംപള്ളിയിലുള്ള സ്വന്തം വീട്ടിലേക്കു പോവുകയും ചെയ്ത ശേഷം, പിന്നീട് ആറര മണിക്കൂറിനു ശേഷം വൈകിട്ട് പഴ്സിൽ കണ്ട ഫോൺ നമ്പറിലേക്ക് ഫോൺ വിളിച്ചു അത് തിരികെ കൊടുക്കുവാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുവാൻ അയാൾക്ക് എങ്ങനെയാണ് മനസ്സുവന്നത് ? “ഇത് ദൈവത്തിന്റെ മഹാത്ഭുതമല്ലാതെ മറ്റെന്താണ് .. ? എന്റെ അചഞ്ചലമായ വിശ്വാസമാണ് എനിക്ക് തുണയായത് ” നിറകണ്ണുകളോടെ അമ്മിണി പറയുന്നു. 

error: Content is protected !!