നിയന്ത്രണങ്ങൾ കർശനമാക്കി, കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പമ്പ കടന്നു..
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പോലീസ് പുതിയ ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കി തുടങ്ങിയതോടെ കാഞ്ഞിരപ്പള്ളിയുടെ ശാപമായിരുന്ന ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവായി. അതോടെ വാഹനങ്ങൾ ബ്ലോക്ക് ആകാതെ റോഡിലൂടെ സുഗമമായി ഒഴുകി.
പേട്ടക്കവല മുതൽ കുരിശിങ്കൽ ജങ്ഷൻ വരെ ദേശീയപാതയുടെ ഒരുവശത്ത് മാത്രം പാർക്കിങ് ആക്കിയതോടെ റോഡിൽ കൂടി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുവാൻ ഉള്ള വീതി ലഭിച്ചു. ഗതാഗതക്കുരുക്ക് ഒഴിവായതിന്റെ പ്രധാന കാരണം അത് തന്നെയാണ് .
ബസ്‌സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡ് വൺവേയായി തുടരും.
ടൗണിൽ രാവിലെ 8.30 മുതൽ 10.30 വരെയും വൈകീട്ട് 3.30 മുതൽ ആറുവരെയും ഭാരവാഹനങ്ങളുടെ ചരക്ക് കയറ്റിറക്ക് നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങളിലേക്കു ലോഡുമായി എത്തുന്ന ലോറികൾ ഈ സമയത്ത് ടൗണിൽ പാർക്കുചെയ്യാൻ പാടില്ല. ഓട്ടോറിക്ഷകൾ സ്റ്റാൻഡിൽ കിടക്കാതെ കറങ്ങിനടന്ന് ഓട്ടം പിടിക്കുന്നതിനെതിരേയും പോലീസ് നടപടി ഉണ്ടാകും. ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ എസ്.ബി.ഐ.ക്ക് സമീപതുള്ളതോ, കുരിശിങ്കൽ ജങ്ഷനിലെയോ പേ ആൻഡ് പാർക്ക് ഗ്രൗണ്ടുകൾ ഉപയോഗപ്പെടുത്തണമെന്ന് പോലീസ് അറിയിച്ചു.