” നീം ചാലഞ്ച് – 21″ മതസൗഹാർദത്തിന്റെ ഉണർത്തുപാട്ടായി
കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച ” നീം ചാലഞ്ച്-21″ പ്രകൃതി സംരക്ഷണത്തിലൂടെ മത സൗഹാർദ്ധത്തിന്റെ ഉണർത്തുപാട്ടായി. കേരളാ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് എം.എൽ.എ മുഖേന വനംവകുപ്പിൽ നിന്നും സ്കൂളിനു ലഭിച്ച ആരുവേപ്പിൻ തൈകൾ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ. ഫാ. ജോബി തെക്കേടത്ത് കാഞ്ഞിരപ്പള്ളി സെൻട്രൽ ചീഫ് ഇമാം ഹാഫിസ് ഇജാസുൽ കൗസരി അൽ ഖാസിമി, തമ്പലക്കാട് ദേവിക്ഷേത്രം വൈസ് പ്രസിഡന്റ് ശ്രീ. ആർ. രാജു കടകയം എന്നിവർക്ക് കൈമാറിക്കൊണ്ടാണ് നീം ചാലഞ്ച് കാഞ്ഞിരപ്പള്ളി വാർഡ് മെമ്പർ ശ്രീ. ബിജു പത്യാല ഉദ്ഘാടനം ചെയ്തത്.
ഓക്സിജനെ കൂടുതലായി പുറപ്പെടുവിക്കുന്ന അനവധി ഔഷധ ഗുണങ്ങളുള്ള ആര്യവേപ്പ് പള്ളിയുടെയും മോസ്കിന്റെയും ക്ഷേത്രത്തിന്റെയും പരിസരങ്ങളിൽ നട്ടുവളർത്തി പരിപാലിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ജാതി മത വർഗ്ഗവർണ വ്യത്യാസമില്ലാതെ പ്രാണവായു പ്രദാനം ചെയ്യുന്ന പ്രകൃതിയുടെ ഓക്സിജൻ സിലണ്ടറുകളായ സസ്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മത സൗഹാർദ്ധ സന്ദേശം സമൂഹത്തിൽ എത്തിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗം കൂടിയാണ് നീം ചാലഞ്ച്-21
കാഞ്ഞിരപ്പള്ളി സെന്റ്. മേരിസ് സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സി.ഡയ്സ് മരിയ സി.എം.സി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ എ.ഒ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ബിജു പത്യാല, റവ ഫാ. ജോബി തെക്കേടത്, ശ്രീ ഹാഫിസ് ഇജാസുൽ കൗസരി അൽ ഖാസിമി, ആർ. രാജു കടകയം, ശ്രീമതി സോണിയ ജോസഫ് എന്നിവർ പ്രസംഗിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ പ്രമോദ് പരിസ്ഥിതി സംരക്ഷണ ഗാനം ആലപിച്ചു.
അധ്യാപികമാരായ സി. സെലിൻ എഫ്.സി.സി, ശ്രീമതി സോണിയ ജോസഫ്, ശ്രീമതി ജൂബി മാത്യു, ശ്രീമതി അനുജ എബ്രഹാം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.