തിരുവാറന്മുളയപ്പന് ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമർപ്പണം

ചേനപ്പാടി : കാഞ്ഞിരപ്പള്ളി താലൂക്കിലെ ചേനപ്പാടിഗ്രാമവും പത്തനംതിട്ടയിലെ ആറന്മുളയും തമ്മിൽ നൂറ്റാണ്ടുമുമ്പുമുതലുള്ള ആത്മബന്ധത്തിന്റെ തുടർച്ചയായി പാളത്തൈര് സമർപ്പണം ജന്മാഷ്ടമിയുടെ തലേദിവസമായ ഞായറാഴ്ച നടക്കും. തിരുവാറന്മുളയപ്പന്റെ ജന്മാഷ്ടമിസദ്യക്ക് വിളമ്പുന്നതിനുള്ള തൈരാണ് പാളപ്പാത്രങ്ങളിൽ തയ്യാറാക്കി ചേനപ്പാടി കരക്കാർ എത്തിക്കുന്നത്. 

ഞായറാഴ്ച രാവിലെ ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽനിന്ന് പൂജിച്ച തൈരുമായി ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതിയംഗങ്ങൾ പുറപ്പെടും. 10.30-ന് ആറന്മുളക്ഷേത്രത്തിൽ സമർപ്പിക്കും. വള്ളപ്പാട്ടിന്റെ അകമ്പടിയോടെയാവും ചേനപ്പാടിക്കാരെ ആറന്മുളയിൽ സ്വീകരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പരിമിതമായ ചടങ്ങുകളാണ് നടത്തുന്നത്. മുൻകാലങ്ങളിൽ വാഴൂർ തീർഥപാദാശ്രമത്തിൽനിന്നു ചേനപ്പാടിയിലെ വീടുകളിൽ നിന്നുമായി 1500 ലിറ്റർ തൈരു വരെ നൽകിയിരുന്നു. ഇത്തവണ അളവ് കുറച്ചാണ് നൽകുന്നത്. 

ചെറിയമഠത്തിലെ കാരണവർ തുടങ്ങിയ ആചാരം

ചേനപ്പാടി ചെറിയമഠത്തിലെ കാരണവർ കേളുച്ചാർ രാമച്ചാർ നൂറിലേറെ വർഷം മുൻപ് തുടങ്ങിവെച്ച ആചാരമാണിപ്പോൾ കരക്കാർ ഏറ്റെുത്ത് നടത്തുന്നത്. പൂർവകാലത്ത് കേളുച്ചാർക്കൊപ്പം ഇലവുങ്കൽ പദ്മനാഭൻ നായർ, കുളഞ്ഞിയിൽ പാച്ചുനായർ എന്നിവരും തൈര് സമർപ്പണത്തിൽ പങ്കാളികളായിരുന്നു. അക്കാലത്ത് കമുകിൻപാള കൊണ്ടുള്ള പാത്രങ്ങളിലാണ് തൈര് തയ്യാറാക്കി കൊണ്ടുപോയിരുന്നത്. 

ചേനപ്പാടിയിൽനിന്ന് മണിമലയാറ്റിലൂടെ വള്ളത്തിലായിരുന്നു കേളുച്ചാരും സംഘവും യാത്രചെയ്തിരുന്നത്. അവരുടെ കാലശേഷം മുടങ്ങിപ്പോയ ആചാരം ദേവപ്രശ്‌നവിധിപ്രകാരം ആറന്മുള കരക്കാരുടെ താത്പര്യത്തോടെ പുനരാരംഭിച്ചതാണ്. 

വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ ഭക്തജനസമിതിയാണ് തൈര് സമർപ്പണത്തിന് നേതൃത്വം വഹിക്കുന്നത്. കേളുച്ചാർ രാമച്ചാരുടെ പിന്മുറക്കാരിയായ ചെറിയമഠത്തിൽ അമ്മിണിയമ്മയും മറ്റ് കുടുംബക്കാരുടെ പ്രതിനിധികളും ഗ്രാമനിവാസികളും തൈര് സമർപ്പണ ഘോഷയാത്രയിൽ പങ്കെടുക്കും.

ഭഗവാന് നേദിക്കാൻ വെണ്ണ സമർപ്പിക്കും-സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ 

ആറന്മുള ഭഗവാന് നേദിക്കുന്നതിനുള്ള വെണ്ണ ആശ്രമത്തിൽ തയ്യാറാക്കി സമർപ്പിക്കും. പതിവുപോലെ ആശ്രമത്തിലെ ഗോശാലയിലെ പശുക്കളുടെ പാലുപയോഗിച്ച് തൈര് തയ്യാറാക്കിയതും സമർപ്പിക്കും.

error: Content is protected !!