കിഴക്കേക്കവല-കിഴക്കയിൽക്ഷേത്രത്തിലേക്ക് വഴിയൊരുക്കി
ചെറുവള്ളി: പ്രദേശവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പ് സഫലമാക്കി കിഴക്കേക്കവല-കിഴക്കയിൽ ദുർഗാദേവിക്ഷേത്രം റോഡൊരുക്കി. പുനലൂർ-പൊൻകുന്നം റോഡിൽനിന്ന് നേരത്തേ ഉണ്ടായിരുന്ന റോഡ് ഇടഭാഗത്തെ കൈയേറ്റംമൂലം ഇടുങ്ങിയ നിലയിലായിരുന്നു. വീതിയില്ലാത്തതിനാൽ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡാണെങ്കിലും ചിറക്കടവ് പഞ്ചായത്ത് മുമ്പ് അനുവദിച്ച തുക റോഡ് പുനരുദ്ധാരണത്തിന് വിനിയോഗിക്കാനായില്ല.
ഇതുസംബന്ധിച്ച് പ്രദേശവാസിയായ പാലേക്കുഴിയിൽ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാർ റവന്യൂമന്ത്രിക്കും ജില്ലാകളക്ടർക്കും പരാതി നൽകി. തുടർന്ന് റവന്യൂ അധികൃതർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. പിന്നീട് പഞ്ചായത്തംഗം സിന്ധുദേവി സ്ഥലമുടമകളുമായി നടത്തിയ ചർച്ചയിൽ വഴിക്കാവശ്യമായ സ്ഥലം ലഭ്യമാക്കി.
വഴിയുടെ തുടക്കത്തിൽ കെ.എസ്.ടി.പി. നഷ്ടപരിഹാരം നൽകിയിട്ടും പൊളിച്ചുനീക്കാതിരുന്ന കെട്ടിടം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിനെത്തുടർന്ന് പൊളിച്ചതോടെ കവാടത്തിലും യഥേഷ്ടം വീതിയായി. റോഡ് നിർമാണത്തിന് ക്ഷേത്രകമ്മിറ്റി സെക്രട്ടറി സോമശേഖരൻ നായർ കൂനമ്പാൽ, പ്രമോദ് വടക്കേമുറി തുടങ്ങിയവർ നേതൃത്വം നൽകി