മരണം താണ്ഡവമാടുന്ന രണ്ടാം തരംഗം; കേരളത്തില്‍ കോവിഡ് മരണം 20,000 കടന്നു
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,134 പേരാണ് ഇന്നുവരെ കോവിഡ് ബാധിച്ചു മരിച്ചത്. 2020 മാര്‍ച്ച് 28 നാണ് കേരളത്തില്‍ ആദ്യത്തെ കോവിഡ് മരണം നടന്നത്. ആദ്യതരംഗത്തില്‍, 2021 മാര്‍ച്ച് മാസം പകുതി വരെ ആകെ സംഭവിച്ചത് 4406 മരണങ്ങളാണെങ്കില്‍ രണ്ടാം തരംഗത്തില്‍ ഇതുവരെ അതിന്റെ മൂന്നിരട്ടി മരണങ്ങളാണ് നാം കാണുന്നത്.
2021 ഏപ്രില്‍ വരെ കേരളത്തിലെ പ്രതിമാസ കോവിഡ് മരണസംഖ്യ ആയിരം കടന്നിട്ടില്ല. രണ്ടാം തരംഗത്തില്‍ പ്രഹരശേഷിയേറിയ ഡെല്‍റ്റ വൈറസിന്റെ വരവോടെ മെയ് മാസത്തില്‍ തന്നെ മരണം 3507 ആയി. ഇതേത്തുടര്‍ന്ന് ജൂണ്‍ ഏഴിന് കേരളത്തിലെ ആകെ കോവിഡ് മരണസംഖ്യ 10,000 കടന്നു. ജൂണ്‍ മാസത്തിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള് സംഭവിച്ചത് – 4450 പേരാണ് ജൂണില്‍ കോവിഡ് ബാധിച്ചു മരിച്ചത്. പിന്നീട് ജൂലൈയില്‍ 3546 പേരും ഓഗസ്റ്റില്‍ ഇതുവരെ 3353 പേരും മരണമടഞ്ഞു.
2020 മാര്‍ച്ച് 28-ല്‍ തുടങ്ങി 389 ദിവസം കൊണ്ടാണ് (2021 ഏപ്രില്‍ 21 വരെ) മരണസംഖ്യ അയ്യായിരത്തിലെത്തിയത്. തുടര്‍ന്ന് 46 ദിവസങ്ങള്‍ കൊണ്ട് (ജൂണ്‍ 7) അത് പതിനായിരത്തിലെത്തി. ശക്തമായ നിയന്ത്രണങ്ങളുണ്ടായിട്ടും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മരണനിരക്ക് കാര്യമായി കുറഞ്ഞില്ല എന്നുവേണം കരുതാന്‍. കാരണം കൃത്യം 79 ദിവസങ്ങള്‍ കൊണ്ട് ഇതിന്റെ ഇരട്ടി മരണങ്ങള് സംഭവിച്ചു കഴിഞ്ഞു.
2021 ജൂണ്‍ രണ്ടിനാണ് കേരളത്തിലെ പ്രതിദിന മരണസംഖ്യ 200 കടക്കുന്നത് (213). തുടര്‍ന്ന് ഇത് ക്രമേണ കുറഞ്ഞ് 100 ല്‍ താഴെയെത്തിയെങ്കിലും പിന്നീടുള്ള മൂന്നു മാസക്കാലമെത്തുമ്പോള്, ഇന്നലെ അതായത് ഓഗസ്റ്റ് 25-ന് അത് സമാന സംഖ്യയി(215)ലെത്തിയിരിക്കുന്നു.
ഏറെ പരിശ്രമങ്ങളുണ്ടായിട്ടും രണ്ടാം തരംഗത്തിലെ ഉയര്‍ന്ന മരണനിരക്കിനെ ഇനിയും പിടിച്ചു നിര്‍ത്തായിട്ടില്ല എന്നു കാണാം. മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാരില്‍നിന്നും ശക്തമായ നടപടികളുണ്ടാവും എന്നു തന്നെ വേണം കരുതാന്‍.
കോവിഡ് ബാധിച്ച് മരിച്ചവരിലധികവും പുരുഷന്മാരാണ്, പതിനൊന്നായിരത്തിലധികം പേര്. 60 വയസ്സിനു മുകളിലുള്ള 14,643 പേരും 41-59 പ്രായക്കാരായ 4481 പേരും 18-40 പ്രായക്കാരായ 809 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 17 ല്‍ താഴെ പ്രായക്കാരായ 39 പേര് മാത്രമാണ് മരിച്ചത്. കൃത്യമായി പറഞ്ഞാല്‍ 61-70 പ്രായക്കാരായ 5677 പേരും 71-80 പ്രായക്കാരായ 5087 പേരും കോവിഡ് ബാധിച്ചു മരിച്ചു. (ഓഗസ്റ്റ് 25 ലെ കണക്കുപ്രകാരം)
31-നും 60-നും ഇടയില്‍ പ്രായമുള്ള 5713 പേര് കോവിഡ് ബാധിച്ചു മരിച്ചു. ഇതിലേറെയും സംഭവിച്ചത് രണ്ടാം തരംഗത്തിലാണ്. മരിച്ചവരില്‍ ഏറിയ പങ്കും സമ്പര്‍ക്കം മൂലം കോവിഡ് ബാധയുണ്ടായവരാണ്.
കോവിഡ് മരണം പതിനായിരം കടന്നപ്പോള്‍ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയ ജില്ല (2112) തിരുവനന്തപുരമാണ്. ആയിരത്തിലേറെ മരണങ്ങളോടെ തൃശ്ശൂരും (1155) കോഴിക്കോടും (1072) ആയിരുന്നു തിരുവനന്തപുരത്തിന് പിന്നിലുണ്ടായിരുന്നത്.
ആകെ മരണം ഇരുപതിനായിരത്തിലെത്തി നില്ക്കുമ്പോള് മൂവായിരത്തിനു മുകളില്‍ (3499) മരണങ്ങളോടെ തിരുവനന്തപുരം തന്നെയാണ് മുന്നില്‍. രണ്ടായിരത്തിലേറെ മരണങ്ങളോടെ പിന്നില്‍ തൃശ്ശൂരും (2232) കോഴിക്കോടും (2109) എറണാകുളവു(2014) മുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ മരണസംഖ്യ രണ്ടായിരത്തിനോടടുക്കുന്നു. കൊല്ലം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളില്‍ മരണസംഖ്യ ആയിരത്തിനു മകളിലാണ്. ഏറ്റവും കുറവ് ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചത് ഇടുക്കി ജില്ലയിലാണ്, 263 പേര്.
ആദ്യഘട്ടത്തില്‍ പ്രതിദിന മരണസംഖ്യയില്‍ മുന്നിലായിരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ പ്രതിദിന മരണങ്ങള് കുറഞ്ഞിട്ടുള്ളതായി കാണാം. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ് ഇപ്പോള്‍ കോവിഡ് മരണങ്ങളിലേറെയും സംഭവിക്കുന്നത്.
കേസ്-മരണാനുപാതത്തില്‍ തിരുവനന്തപുരം തന്നെയാണ് ഇപ്പോഴും മുന്നില്‍. 0.98 കേസ്-മരണാനുപാതമുള്ള തിരുവനന്തപുരത്ത് കോവിഡ് ബാധിക്കുന്ന 100 പേരില്‍ ഒരാള്‍ മരിക്കുന്നു എന്നുവേണം കരുതാന്‍. പാലക്കാട് (0.64), കണ്ണൂര്‍ (0.6), തൃശ്ശൂര്‍ (0.57), കൊല്ലം (0.51), കോഴിക്കോട് (0.5) ജില്ലകള്‍ പുറകിലുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് (0.25).
കേരളം കോവിഡ് മരണങ്ങള് കുറച്ചു കാണിക്കുന്നു എന്ന ആക്ഷേപം ഈയവസരത്തിലും വ്യാപകമാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് സംസ്ഥാന ആരോഗ്യ വകുപ്പ് ഇടക്ക് നിര്‍ത്തിയിരുന്നുവെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് ഇത് വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. സിവില്‍ മരണ രജിസ്ട്രേഷന് പ്രകാരം മഹാമാരിക്കു മുന്‍പുള്ള കാലയളവിലേക്കാള്‍ കൂടുതല്‍ മരണം ഈ കാലയളവില്‍ സംഭവിച്ചിട്ടുള്ളതായി ദി ന്യൂസ് മിനിട്ട് അടുത്തിടെ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
കോവിഡ് നെഗറ്റീവായ ശേഷവും കോവിഡനന്തര പ്രശ്നങ്ങളാല്‍ മരിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിനിടെ ഏറെ കൂടിയിട്ടുണ്ടെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഓണം അവധി കഴിഞ്ഞുള്ള ദിനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പേടിപ്പെടുത്തുന്നവിധം വര്‍ദ്ധിച്ചിട്ടുണ്ട്. മരണനിരക്ക് കുറഞ്ഞിട്ടുമില്ല. അതേസമയം ഇനിയും അടച്ചിടുന്നത് ഒരു പ്രതിവിധിയാകുന്നുമില്ല. സാമൂഹ്യ അകലവും മാസ്ക്കും സാനിറ്റൈസറും മാത്രമാണ് നമുക്ക് തുണയാവുക. ഒപ്പം കിട്ടുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്സിനെടുക്കുകയും ചെയ്യുക. പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ പരമാവധി ജാഗ്രത പാലിക്കുക. വാക്സിനെടുക്കുന്നത് കോവിഡ് മൂലമുള്ള മരണത്തെ അകറ്റി നിര്‍ത്തുമെന്നതിനാല്‍ എത്രയും പെട്ടെന്ന് വാക്സിന് സ്വീകരിക്കുക.