ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം ; കാത്ത്’ ലാബിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു ..
കാഞ്ഞിരപ്പള്ളി: ആറ് മാസം മുന്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം ആരംഭിക്കാനാവാതെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബ്.
ഫെബ്രുവരി 16നാണ് ജനറലാശുപത്രിയിലെ കാത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, ഇവിടേക്ക് ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരെ നിയോഗിക്കാത്തതിനാൽ കാത്ത് ലാബിന്റെ പ്രവർത്തനം ഇതുവരെയും തുടങ്ങാനായില്ല. ലാബിന്റെ പ്രവർത്തനത്തിന് കാർഡിയോളജിസ്റ്റുമാർ, നഴ്സിംഗ് സ്റ്റാഫ്, ടെക്നിക്കൽ സ്റ്റാഫ് ഉൾപ്പടെ പതിനഞ്ചോളം ജീവനക്കാർ അധികമായി വേണം.
എട്ടര കോടി രൂപയുടെ ഉപകരണങ്ങൾ ഉൾപ്പെടെ 10.36 കോടി രൂപ ചെലവിട്ട് 5100 ചതുരശ്ര അടി വിസ്തീർണത്തിലാണ് കാത്ത് ലാബ് സജ്ജമാക്കിയത്. ലാബിലേക്ക് ആവശ്യമായ അധുനിക ചികിത്സാ സംവിധാനങ്ങളും ഒരുക്കി. ഇപ്പോൾ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 38 ലക്ഷം രൂപ മുടക്കി വെയ്റ്റിംഗ് ഏരിയയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി വരികയാണ്.
കാത്ത് ലാബ് പ്രവർത്തനക്ഷമമായാൽ ഹൈറേഞ്ച് ഉൾപ്പടെയുള്ള കിഴക്കൻ മലയോര മേഖലയിലെ നിർധനരും സാധാരണക്കാരുമായ രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ സൗജന്യമായി ലഭ്യമാക്കാൻ കഴിയും. ഹൈറേഞ്ച് മേഖലയിൽ നിന്നും കോട്ടയം പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിൽ നിന്നുമുള്ള രോഗികളെയും ശബരിമല സീസണിൽ ഹൃദ്രോഗമുണ്ടാകുന്ന തീർഥാടകരെയും ആദ്യമെത്തിക്കുന്നത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ്. എന്നാൽ, ഇവിടെ പ്രാഥമികചികിത്സകൾ നൽകിയതിനുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പറഞ്ഞയയ്ക്കുകയാണ് ചെയ്യുന്നത്. കിലോമീറ്ററുകൾ അകലെ നിന്നെത്തുന്നവർ വീണ്ടും ഇവിടെ നിന്നു 50 കിലോമീറ്റർ കൂടി യാത്ര ചെയ്തു വേണം മെഡിക്കൽ കോളജിലെത്താൻ. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഇവിടെ കാത്ത് ലാബ് അനുവദിച്ചത്.
ലാബിന്റെ പ്രവർത്തനം ആരംഭിച്ചാൽ കിഴക്കൻ മേഖലയിലെ ജനങ്ങൾക്കും ശബരിമല സീസണിൽ തീർഥാടകർക്കും ഏറെ പ്രയോജനകരമാകും.
കാത്ത് ലാബിലേക്ക് ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു.