കാത്ത് ലാബ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന്
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ഉദ്ഘാടനം ചെയ്ത് ആറ് മാസമായിട്ടും പ്രവർത്തനസജ്ജമാക്കാത്തത് സർക്കാരിന്റെയും എംഎൽഎയുടെയും അനാസ്ഥയാണെന്ന് ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി.
സർക്കാരിന്റെയും എംഎൽഎയുടേയും അനാസ്ഥ മൂലം സാധാരണക്കാരായ ജനങ്ങൾക്ക് സൗജന്യമായി ലഭിക്കുമായിരുന്ന സേവനങ്ങളാണ് നിഷേധിക്കപ്പെടുന്നതെന്ന് നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് പറഞ്ഞു. കാത്ത് ലാബ് പ്രവർത്തനസജ്ജമാക്കാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ അധ്യക്ഷത വഹിച്ചു. റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ, ബിനോയി മാർട്ടിൻ, ഷാജി കൊച്ചേടം, ടോണി മണിമല, ഐസക് കടന്തോട്, സണ്ണി കൂടപ്പുഴ, ജോസഫ് കുട്ടപ്പൻ, പ്രശാന്ത് താഴത്തുവീട്ടിൽ,ജോണി പള്ളിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.