‘അന്നത്തെ ചൂട്ട് ഇന്നത്തെ ടോർച്ച്’ നാളികേരദിനാഘോഷത്തിൽ സെന്റ് മേരീസ് സ്കൂളിൽ തെങ്ങ് പുരാണവുമായി മുത്തശ്ശിമാർ ഓൺലൈനിൽ
കാഞ്ഞിരപ്പള്ളി: നാളികേരത്തിന്റെ നാട്ടിലെ പഴയകാല വിശേഷങ്ങൾ മുത്തശ്ശിമാർ ഓൺലൈനിലൂടെ വിദ്യാർഥികളുമായി പങ്കുവെച്ചു. സെന്റ് മേരിസ് സ്കൂളിൽ നടത്തിയ നാളികേര ദിനാഘോഷത്തിലാണ് ‘അന്നത്തെ ചൂട്ട് ഇന്നത്തെ ടോർച്ച്’ എന്ന പരിപാടിയിലൂടെ മുത്തശ്ശിമാർ പഴമയുടെ ഓർമകൾ പകർന്നുനൽകിയത്.
ഓലമെടയൽ, ഓലപ്പുര, ഓലവേലി, ഓലക്കുട, മറപ്പുര, തുഞ്ചാണി, ഓലപ്പന്ത്, ഓലപ്പീപ്പി തുടങ്ങി നാളികേരത്തെ മലയാളി ആശ്രയിച്ചിരുന്ന കഥകൾ മുത്തശ്ശിമാർ വിദ്യാർഥികൾക്കായി പങ്കുവെച്ചു. വീടുകളിൽ വിദ്യാർഥികൾക്കായി ഓലമെടയൽ പരിശീലനവും വിദ്യാർഥികൾക്കായി നടത്തി. വീടുകളിൽ തെങ്ങിൻതൈകളും ചൂട്ട് നൽകിയും മുത്തശ്ശിമാരെ പേരക്കിടാങ്ങൾ ആദരിച്ചു. സ്കൂൾ വളപ്പിൽ തെങ്ങിൻതൈ നട്ട് ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ നാളികേരദിനാഘോഷം ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് കൃഷി ഓഫീസർ ജെ.ഷൈൻ വെബിനാറിന് നേതൃത്വം നൽകി.
‘കൊഴിഞ്ഞുവീണ കൊതുമ്പ്’ എന്ന വിഷയത്തിൽ സിസ്റ്റർ ജിജി പുല്ലത്തിൽ എ.ഒ. ക്ലാസ് നയിച്ചു. നാളികേര കർഷകരെ ആദരിക്കൽ, നാളികേര വിഭവം തയ്യാറക്കൽ എന്നീ പരിപാടികൾ നടത്തി. പ്രഥമാധ്യാപിക സിസ്റ്റർ ഡെയ്‌സ് മരിയ, സീഡ് കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി പുല്ലത്തിൽ, സിസ്റ്റർ എത്സാ ടോം എന്നിവർ നേതൃത്വം നൽകി.