‘ഹൈവേ’ ആയി…വഴിയില്ലാതായി..പൊൻകുന്നം-പുനലൂർ ഹൈവേഇനിയും പരിഹരിക്കാനുണ്ട് പ്രശ്നങ്ങൾ
‘
തെക്കേത്തുകവലയിൽ റോഡ് നിരപ്പിൽ നിന്നുയർന്നുപോയ ഓടയുടെ സ്ലാബിൽ ടൈൽ പാകി നടപ്പാതയാക്കിയപ്പോൾ വഴിയില്ലാതായ വീടുകളിലൊന്ന്
ചിറക്കടവ് അടിച്ചുമാക്കൽ പാലത്തിന്റെ അരികിലെ കെട്ട് ടാറിങ്ങുൾപ്പെടെ ഇടിഞ്ഞുവീണപ്പോൾ
ചിറക്കടവ്: ഉദ്ഘാടനം 15-നെന്ന് പ്രഖ്യാപനം വന്നു; പൊൻകുന്നം-പുനലൂർ ഹൈവേയിൽ പൊൻകുന്നം മുതൽ പ്ലാച്ചേരിവരെയുള്ള 22 കിലോമീറ്റർ ദൂരം നിർമാണം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനമാണ് നടത്തുന്നത്. പക്ഷേ, ഇനിയും പരിഹരിക്കാൻ നിരവധി പ്രശ്നങ്ങൾ എണ്ണിയെണ്ണിപ്പറയാനുണ്ട് നാട്ടുകാർക്ക്. അവയിൽ ചിലതിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുകയാണവർ.
കെട്ടിടിഞ്ഞ പാലം
ചിറക്കടവ് അമ്പലത്തിന് സമീപം നിർമാണം പൂർത്തിയാക്കിയ അടിച്ചുമാക്കൽ പാലത്തിന്റെ അരികിലെ കെട്ടിടിഞ്ഞുവീണു. പണികൾതീർത്ത് ഒരാഴ്ചക്കിടെയാണ് ഈ ദുർഗതി. വീണ്ടും തിരക്കിട്ട് കെട്ട് നിർമിക്കുന്നുണ്ട്. ഇത് ബലവത്തായില്ലെങ്കിൽ കനത്തമഴയിൽ വീണ്ടും ഇതുതന്നെയാകും സ്ഥിതിയെന്ന അഭിപ്രായമാണ് പ്രദേശവാസികൾക്ക്.
തുടക്കം നന്നാക്കണം
ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളുടെ കവാടം അപകടത്തിനിടയാക്കുംവിധമാണ് പലയിടത്തും. ഹൈവേ ടാറിങ് കഴിഞ്ഞ് വശത്തെ റോഡിലേക്കിറങ്ങുന്ന ഭാഗം മെറ്റൽ നിരത്തിയിട്ട നിലയിലാണ്. ഇതിലേറ്റവും അപകടം ചെറുവള്ളി ഗവ.എൽ.പി.സ്കൂൾപടി-ഉടുമ്പൂർ റോഡിലാണ്. മൺപാതയാണ് അരികിലുള്ളത്. അവിടേക്കിറങ്ങുന്നിടം മെറ്റൽ ചിതറി ചെറിയവാഹനങ്ങളുടെ യാത്ര അപകടത്തിലാക്കുന്നു. ഈ ഭാഗം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണം.
തെക്കേത്തുകവല: പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണം പൂർത്തിയാകുമ്പോൾ ഓടമൂലം വഴിയില്ലാതായവരുണ്ട്, തെക്കേത്തുകവലയിൽ.
റോഡ് നിരപ്പിൽനിന്ന് ഉയർന്നുപോയ ഓടയാണ് പലരുടെയും വീട്ടിലേക്ക് വഴിയില്ലാതാക്കിയത്.
തെക്കേത്തുകവലയിൽ വഴിയുടെ നിരപ്പിൽനിന്ന് അരയടിയിലേറെ ഉയരമായി റെഡിമെയ്ഡ് ഓട സ്ഥാപിച്ചപ്പോൾ. അതിന് മുകളിൽ സ്ലാബിട്ട് മൂടി നടപ്പാതയാക്കി ടൈലുകൂടി പാകിയപ്പോൾ ഒരടി ഉയരമായി. ഇതുമൂലം വശത്തെ വീടുകളിലേക്ക് വാഹനമിറക്കാനാവില്ല.
റോഡിൽനിന്ന് നടന്നിറങ്ങണം. അതല്ലെങ്കിൽ റോഡരികിൽ നിന്ന് വീട്ടിലേക്ക് ചെരിച്ച് കോൺക്രീറ്റ് ചെയ്ത് വഴിയാക്കണം. പക്ഷേ, റോഡിലേക്കിറങ്ങണമെങ്കിൽ അവിടെയും ചെരിച്ച് വാർക്കണം. എന്നാൽ, അത് റോഡിലേക്കിറങ്ങിവരുമെന്നതിനാൽ ഗതാഗതത്തിന് തടസ്സമാകും.
തെക്കേത്തുകവലയിൽ സ്റ്റേറ്റ് ബാങ്ക്, കടകൾ എന്നിവയുള്ള കെട്ടിടത്തിലേക്കുള്ള വഴിയുടെ സ്ഥിതിയും ഇതുതന്നെ. ഇതുമൂലം പാർക്കിങ് ഇടമാണ് നഷ്ടപ്പെട്ടത്. ഇവിടെ നേരത്തെ കെട്ടിടത്തിന് മുൻപിലേക്ക് വാഹനങ്ങൾ കയറ്റി നിർത്താമായിരുന്നു.
ഓടയുടെ ഉയരം കൂടിയതോടെ വാഹനങ്ങൾ ഹൈവേയിൽ നിർത്തിയിടേണ്ടി വരും. ഇതും ഗതാഗത തടസ്സത്തിന് കാരണമാകും.