റവ. ഡോക്ടർ ആന്റണി നിരപ്പേൽ മെമ്മോറിയൽ സ്‌കോളർഷിപ്പ് ഫണ്ട് ഉദ്ഘാടനവും റാങ്ക് ജേതാക്കൾക്ക് സ്വീകരണവും പെരുവന്താനം സെന്റ് ആന്റണീസിൽ
പെരുവന്താനം: മലയോര വിദ്യാഭ്യാസ ഭൂമികയുടെ അപ്പോസ്തലൻ ആയിരുന്ന റവ. ഡോ. ആന്റണി നിരപ്പേലച്ചന്റെ പേരിലുള്ള സ്‌കോളർഷിപ്പ് ഫണ്ടിന്റെ ഉദ്ഘാടനവും യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കൾക്കുള്ള സ്വീകരണവും, എക്‌സലൻസ് അവാർഡ് വിതരണവും സെപ്റ്റംബർ നാലിന് രാവിലെ 11-ന് കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. അന്റോണിയസ് എക്‌സലൻഷ്യ 2021 എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിൽ കഴിഞ്ഞവർഷം എം.ജി.യൂണിവേഴ്‌സിറ്റിയുടെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.
പീരുമേട് എം.എൽ.എ. വാഴൂർ സോമൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി റവ. ഡോ. ആന്റണി നിരപ്പേലച്ചന്റെ പേരിലുള്ള സ്‌കോളർഷിപ്പ് ഫണ്ടിങ് ഉദ്ഘാടനവും റാങ്ക് ജേതാക്കൾക്ക് അവാർഡ് ദാനവും നിർവഹിക്കും.
എം.ജി.യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ അഡ്വ. പി.ഷാനവാസ് സ്‌കോളർഷിപ്പ് തുക ഏറ്റുവാങ്ങും. കോളേജ് ചെയർമാൻ ബെന്നി തോമസ് ആമുഖ പ്രസംഗവും റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ അനുഗ്രഹ പ്രഭാഷണവും പെരുവന്താനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി മുഖ്യപ്രഭാഷണവും നടത്തും.
എം.ജി.യൂണിവേഴ്‌സിറ്റിയുടെ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് പി.എം അനുമോദിക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജേതാക്കൾക്ക് പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ ജോർജ്കുട്ടി ആഗസ്തി, സെക്രട്ടറി ആന്റണി ജേക്കബ് കൊച്ചുപുരയ്ക്കൽ സ്റ്റാഫ് സെക്രട്ടറി ഷാന്റി മോൾ, പി.ടി.എ. പ്രസിഡന്റ് ചെറിയാൻ വി.തോമസ് എന്നിവർ ആശംസകളും പ്രിൻസിപ്പൽ ഇൻചാർജ് ബോബി കെ.മാത്യു നന്ദിയും അർപ്പിക്കും.
എല്ലാവർഷവും പത്ത് ലക്ഷം രൂപ വീതം റവ. ഡോ. ആന്റണി നിരപ്പേൽ മെമ്മോറിയൽ സ്‌കോളർഷിപ്പ് ഫണ്ടിലേക്ക് ചേർക്കുമെന്ന് കോളേജ് ചെയർമാൻ ബെന്നി തോമസ് പറഞ്ഞു. ഇതിനോടകം സ്‌കോളർഷിപ്പ് പരീക്ഷകൾ നടത്തി മൂന്നുലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകൾ നൽകിക്കഴിഞ്ഞു. എം.ജി.യൂണിവേഴ്‌സിറ്റിയുടെ നിരവധി കേന്ദ്ര ഗവൺമെന്റ് തൊഴിലധിഷ്ഠിത ആഡ് ഓൺ കോഴ്‌സുകളും കോളേജിൽ നടത്തുന്നുണ്ട്.