വഴിയില്ല : രോഗിയായ അമ്മയെ കൈയിലെടുത്ത് ആശുപത്രിയിലേക്ക് മകൻ.
മുക്കൂട്ടുതറ : പ്രായമായ അമ്മയ്ക്ക് രോഗം കൂടുതലായതോടെ സ്വയം നടക്കുവാൻ സാധിക്കാതെ വന്നതോടെ, പാണപിലാവ് പള്ളിപ്പടി മുകളിൽ ഇളവങ്കോട് മഠത്തിൽ ഷാജിയ്ക്ക് മറ്റൊന്നും ആലോചിക്കുവാനുണ്ടായിരുന്നില്ല. പത്തുമാസം തന്നെ വയറ്റിൽ ചുമന്ന അമ്മയെ, ഒരു മടിയും കൂടാതെ, ഷാജി കൈയിൽ കോരിയെടുത്ത് ഇടവഴികൾ താണ്ടി റോഡിലെത്തിച്ചാണ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞത്.
ഇത് ഷാജിയുടെ മാത്രം ദുരവസ്ഥയല്ല. പാണപിലാവ് പള്ളിപ്പടി ഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ വീട്ടിലേക്കു വഴിയില്ലാതെ കഷ്ട്ടപെടുന്നുണ്ട്. ആശുപത്രിയിൽ അടിയന്തിരമായി കൊണ്ടുപോകേണ സന്ദർഭങ്ങളിൽ പ്രദേശവാസികൾക്ക് ഷാജിയെപോലെ രോഗിയെ ചുമന്ന് റോഡിൽ എത്തിക്കുവാനെ സാധിക്കുകയുള്ളു..
കഴിഞ്ഞ ദിവസമാണ് വയോധികയായ അമ്മ കമലാക്ഷിയെ എടുത്തു കൊണ്ട് മകൻ ഷാജി ഇടവഴി തണ്ടേണ്ടി വന്നത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട കമലാക്ഷിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചുറ്റും താമസിക്കുന്ന പത്തോളം കുടുംബങ്ങൾക്കും വർഷങ്ങളായി നടപ്പ് വഴി മാത്രമാണുള്ളത്. സ്ഥലം വിട്ടുകിട്ടാത്തതിനാൽ ഇവിടേക്കുള്ള റോഡ് നിർമാണം പൂർത്തിയായിട്ടില്ല. പ്രായമായവരും രോഗികളുമായവർ പത്തോളം കുടുംബങ്ങളിലുണ്ട്. ആശുപത്രിയിലും മറ്റും പോകാൻ ഇവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. വിവാഹം, മറ്റിതര ആവശ്യങ്ങൾക്ക് വാഹനം എത്താനുള്ള വഴി ഇല്ലാത്തതിനാൽ കുടുംബങ്ങൾ കടുത്ത ദുരിതമാണ് നേരിടുന്നത്. ജനപ്രതിനിധികളും പഞ്ചായത്ത്, പോലിസ്, റവന്യു അധികൃതരും ഇടപെട്ട് തങ്ങളുടെ ദുരിതം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.