എന്നു തുറക്കും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ?
ആറുമാസം മുൻപ് , പത്തരക്കോടി രൂപ ചിലവിട്ട് പൂർത്തിയാക്കിയ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്റെ പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. 2021 ഫെബ്രുവരി 16 ഉദ്‌ഘാടനം ചെയ്യപ്പെട്ട കാത്ത് ലാബിന് ആവശ്യത്തിനുള്ള ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കാത്തതാണ് തടസ്സം എന്നാണറിയുന്നത്. . ചികിത്സയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കിലും, എട്ടരക്കോടി രൂപ മുടക്കുള്ള യന്ത്രം കേടായി പോകാതിരിക്കുവാൻ പതിവായി പ്രവർത്തിപ്പിക്കുന്നതിന് മാത്രം മാസം ഒന്നര ലക്ഷം രൂപയോളം ചിലവുണ്ട് .
കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചാൽ, സ്വകാര്യ ആശുപത്രികൾ രണ്ടുലക്ഷം രൂപയോളം ചാർജ് ചെയ്യുന്ന ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ ജനറൽ ആശുപത്രിയിൽ അർഹരായവർക്ക് സൗജന്യമായി ലഭ്യമാക്കാൻ സാധിക്കും.
കോവിഡ് അനുബന്ധ രോഗങ്ങളായി ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത്ലാബ് എത്രയും പെട്ടെന്ന് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത് .