” കൂടെ “; അധ്യാപക ദിനത്തിൽ കുട്ടികൾക്ക് സമ്മാനമായി അധ്യാപകർ വാത്സല്യത്തോടെ നൽകിയത് അതിമനോഹരമായ ഷോർട്ട് ഫിലിം

കാഞ്ഞിരപ്പള്ളി : അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകുന്ന പതിവിന് വ്യത്യസ്തമായി, ഇത്തവണ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ആനിക്കാട് സെൻറ് തോമസ് ഹൈസ്കൂളിലെ അധ്യാപകരും അനധ്യാപകരും ചേർന്ന് സ്കൂളിലെ കുട്ടികൾക്ക് നൽകിയത് ഓർമ്മയിൽ എന്നെന്നും താലോലിക്കുവാൻ സാധിക്കുന്ന മനോഹരമായ സമ്മാനമാണ് . ആനിക്കാട് സെൻറ് തോമസ് ഹൈസ്കൂളിലെ എല്ലാ അധ്യാപകരും അനധ്യാപകരും, ഒപ്പം ഒരു വിദ്യാർത്ഥിനിയും ചേർന്ന് അഭിനയിച്ച് സാക്ഷാത്കരിച്ച
” കൂടെ “എന്ന അതിമനോഹരമായ ഷോർട്ട് ഫിലിമാണ് അധ്യാപക ദിനത്തിൽ അവർ ഏറെ വാത്സല്യത്തോടെ കുഞ്ഞുങ്ങൾക്ക് സമ്മാനിച്ചത്. സ്കൂളിലെ ഗണിത അധ്യാപകനായ തോമസ് പടിയറയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കോവിഡ് ലോക്ക്ഡൗൺ മൂലം സ്കൂളിൽ പോകാൻ സാധിക്കാതെ വിഷമിച്ചിരുന്ന ഒരു കുട്ടിയുടെ സ്വപ്നത്തിലൂടെ കുട്ടി സ്കൂൾ വിശേഷങ്ങൾ ആസ്വദിക്കുന്നതും അധ്യാപകരുടെ സ്നേഹവും, വാത്സല്യവും നുകരുന്നതും അവതരിപ്പിച്ചിരിക്കുന്നഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ഇതേ സ്കൂളിലെ ഗണിത അധ്യാപകനായ തോമസ് പടിയറയാണ് . ഒരു കുട്ടിയുടെ ഏതവസ്ഥയിലും അധ്യാപകർ കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു ഗാനത്തിലൂടെയാണ് കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് സ്കൂളിലെ സംഗീത അധ്യാപികയായ നയന ശിവദാസും ഓർക്കസ്ട്ര സുനിൽ മുണ്ടക്കയവുമാണ് ചെയ്തിരിക്കുന്നത്. പാടിയിരിക്കുന്നത് അധ്യാപകരായ നയന ശിവദാസും സുരണ്യ ജോസും തോമസ് പടിയറയും ചേർന്നാണ്.
അൽഫോൻസാ ആനി ഫിലിപ്പ് എന്ന കുട്ടിയും സ്‌കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും ഇതിൽ അഭിനയിച്ചിരിക്കുന്നു. ക്യാമറ നിർവ്വഹിച്ചിരിക്കുന്നത് അമൽ ആക്കാട്ട് ആണ്. ഹെഡ്മിസ്ട്രസ്സ് മിനി ട്രീസായും അധ്യാപികയായ ജോളി തോമസും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
