മുണ്ടക്കയം ബൈപാസ് റോഡിൽ വിനോദസഞ്ചാരയിടം വേണമെന്ന ആവശ്യം ശക്തമാകുന്നു
മുണ്ടക്കയം: ബൈപാസ് റോഡിൽ മണിമലയാർ കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം ഉയർത്തി നാട്ടുകാർ. മണിമലയാറിന്റെ തീരത്തുകൂടി കല്ലേപ്പാലം മുതൽ പൈങ്ങനവരെയുള്ള ബൈപ്പാസ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തതിന് ശേഷമാണ് ഇത്തരമൊരാശയമുണ്ടായത്. ഒരുപാർക്ക് നിർമിക്കുവാൻ ആവശ്യമായ സ്ഥലവും സൗകര്യവു ഉള്ളതുകൊണ്ട് ഇവിടെ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുവാൻ ബ്ലോക്ക് ഗ്രാമപ്പഞ്ചായത്തുകൾ പ്രാഥമിക ചർച്ച നടത്തിയിരുന്നു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് നടപടി ആരംഭിക്കാൻ ധാരണയായിട്ടുണ്ട്.
മണിമലയാറിന്റെ തീരത്തെ ഏറ്റവും മനോഹരമായ പ്രദേശമാണിവിടം. വൈകുന്നേരങ്ങളിൽ ഒട്ടേറെ ആളുകളാണ് കുടുംബസമേതം ഇവിടെ എത്തുന്നത്. ബൈപ്പാസിന്റെ നടപ്പാത കുട്ടികളടക്കമുള്ളവർ കൈയ്യടക്കും. കോസ്‌വേ മുതൽ ചെക്ക്ഡാം വരെയുള്ള പ്രദേശത്ത് പരന്ന് കിടക്കുന്ന ജലസമൃദ്ധി മനോഹരദൃശ്യമാണ്. ഇവിടെ പെഡൽ ബോട്ടിങ് അടക്കമുള്ള വിനോദസഞ്ചാര സൗകര്യങ്ങൾക്ക് അനുയോജ്യമാണ്. പ്രഭാത സായാഹ്നങ്ങളിലെ നടപ്പുകാർ പാതയിലെ സ്ഥിരം കാഴ്ചയാണ്. ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രവും വേണം. ആധുനിക രീതിയിലുള്ള ശൗചാലയങ്ങളും നിർമിക്കണം.