KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബാങ്ക് യോഗം യു.ഡി.എഫ്. ബഹിഷ്‌കരിച്ചു; തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് ഭരണസമിതി

കാഞ്ഞിരപ്പള്ളി: പാറത്തോട് സർവീസ് സഹകരണബാങ്കിൽ ബോർഡംഗങ്ങൾ തമ്മിൽ അഭിപ്രായഭിന്നത. എൽ.ഡി.എഫ്. ഭരിക്കുന്ന ബാങ്കിൽ കഴിഞ്ഞ ദിവസം നടന്ന ബോർഡ് യോഗം യു.ഡി.എഫ്. അംഗങ്ങൾ ബഹിഷ്‌കരിച്ചു. മുൻ യോഗ തീരുമാനങ്ങൾ മിനിട്സിൽ രേഖപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചത്. തുടർന്ന് അഞ്ച് അംഗങ്ങൾ ഒപ്പിട്ട് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർക്ക് പരാതി നൽകി. ബോർഡംഗങ്ങളായ റീനാമോൾ ഷാമോൻ, കെ.ജെ. മറിയാമ്മ, സിസിലിക്കുട്ടി ജേക്കബ്, അനിൽ കെ. കുമാർ, ജലാൽ പൂതക്കുഴി എന്നിവരാണ് യോഗം ബഹിഷ്‌കരിച്ചത്. മാർച്ചിൽ ചേർന്ന യോഗത്തിൽ വൻ തുക വായ്പയെടുത്ത് കുടിശ്ശികവരുത്തിയവർക്ക് നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചത് ഓഗസ്റ്റ് വരെ നടപ്പാക്കിയില്ലെന്ന് അംഗങ്ങൾ ആരോപിച്ചു. ഓഗസ്റ്റിൽ വീണ്ടും തീരുമാനമെടുത്തെങ്കിലും അത് മിനിട്സിൽ രേഖപ്പെടുത്തിയില്ല. വായ്പയെടുത്ത ചില ബോർഡ് അംഗങ്ങളെയും മുൻ ബോർഡ് അംഗങ്ങളെയും സംരക്ഷിക്കുന്നതിനാണ് നോട്ടീസ് അയയ്ക്കാത്തതെന്ന് യു.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. 

ബാങ്കിനെതിരേ തെറ്റായ പ്രചാരണങ്ങൾ നടത്തി സഹകാരികളെ തെറ്റിധരിപ്പിക്കാനാണ് ബോർഡംഗം ജലാൽ പുതക്കുഴി ശ്രമിക്കുന്നതെന്ന് ഭരണ സമിതി ആരോപിച്ചു. ബാങ്കിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് ഇയാൾക്കെതിരേ കേസ് നടന്നുവരുകയാണ്. യു.ഡി.എഫിന്റെ മറപിടിച്ച് മുഖംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയിലൂടെ 30 വരെ കുടിശ്ശിക നിവാരണം നടത്തുന്നതിന് അവസരമുണ്ട്. ഈ മാസം 14 വരെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നടത്തുന്നതാണെന്നും ഭരണ സമിതി അറിയിച്ചു. പ്രധാന തീരുമാനങ്ങൾ എടുക്കാനിരുന്ന ബാങ്ക് കമ്മിറ്റി ബഹിഷ്‌കരിക്കുന്ന നിലപാടാണ് യു.ഡി.എഫ്. അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. ബാങ്കിനെ അപകീർത്തിപ്പെടുത്തുന്ന നീക്കത്തിൽനിന്ന് ഇവർ പിൻമാറണമെന്നും ഭരണസമിതിയംഗങ്ങൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് കെ.ജെ. തോമസ് കട്ടയ്ക്കൻ, ജോണിക്കുട്ടി മഠത്തിനകം, അഡ്വ. എൻ.ജെ. കുര്യാക്കോസ്, കെ.പി. സുജീലൻ, പ്രിൻസ് ജോസഫ് എന്നിവർ പങ്കെടുത്തു.

error: Content is protected !!