ബൈപ്പാസുമില്ല മിനി ബൈപ്പാസുമില്ല, കുരുക്കഴിയാതെ കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി: കിഴക്കൻ മലയോരപ്രദേശത്തേക്കുള്ള പ്രധാന പാത കടന്ന് പോകുന്ന കാഞ്ഞിരപ്പള്ളി പട്ടണത്തിലൂടെ തിരക്കുള്ള സമയങ്ങളിലെ യാത്ര ദുഷ്‌കരമാണ്. കുരിശുങ്കൽ മുതൽ പേട്ടക്കവല വരെയുള്ള ഭാഗത്ത് ഗതാഗത കുരുക്ക് പതിവ് കാഴ്ചയാണ്. ഒരു വശത്തെ വാഹന പാർക്കിങ് അടക്കം പോലീസ് നിരോധിച്ചെങ്കിലും കുരുക്കിനുമാത്രം കുറവില്ല. ബസ് സ്റ്റാൻഡ് കവാടത്തിൽ വാഹനങ്ങൾ കയറിയിറങ്ങുന്ന ഭാഗത്ത് വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്. ദേശീയപാതയും ഈരാറ്റുപേട്ട റോഡും സംഗമിക്കുന്ന പേട്ടക്കവലയിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ കുരുക്ക് കൂടിയതോടെ നിർത്തിവെച്ചിരിക്കുകയാണ്. പേട്ടക്കവലയിലെ ബസ് സ്റ്റോപ്പുകൾ മാറ്റണമെന്ന ആവശ്യത്തിനും പരിഹാരം കണ്ടിട്ടില്ല. കോട്ടയം, മുണ്ടക്കയം ഭാഗത്തേക്കുള്ള ബസുകൾ ഒരു സ്ഥലത്തുതന്നെ എതിർദിശകളിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

കാടുകയറുന്ന മിനി ബൈപ്പാസ്

മിനി ബൈപാസിന്റെ നിർമാണം പാതിവഴിയിൽ നിലച്ചനിലയിലാണ്. 1.10 കോടിയിലധികം രൂപ ചെലവാക്കിയെങ്കിലും ചിറ്റാർ പുഴയോരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്. യു.ഡി.എഫ്. ഭരണസമിതി കൊണ്ടുവന്ന മിനി ബൈപാസിൽ അഴിമതിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ എൽ.ഡി.എഫ്. ഭരണസമിതി നിർമാണം പ്രവർത്തനം നിർത്തിവെച്ചിരുന്നു. ഈ ഭരണസമിതിയും മിനി ബൈപാസ് നിർമാണത്തെ അവഗണിച്ചനിലയിലണ്. നിലവിൽ ഒരു കോടിയിലധികം ചെലവഴിച്ച പദ്ധതി കാടുകയറി നശിക്കുകയാണ്. ചിറ്റാർ പുഴയ്‌ക്ക് അരികിലൂടെ പേട്ടക്കവലയിൽനിന്ന് ആരംഭിച്ച് പഞ്ചായത്ത് ടൗൺ ഹാളിന് സമീപം എത്തുന്നതാണ് നിർദിഷ്ട മിനി ബൈപാസ്.

പ്രഖ്യാപിച്ചിട്ട് 10 വർഷം

കാഞ്ഞിരപ്പള്ളിയുടെ സ്വപ്‌നപദ്ധതിയായ ബൈപാസ് പ്രഖ്യാപിച്ചിട്ട് 10 വർഷമായിട്ടും ഇതുവരെ സ്ഥലംപേലും ഏറ്റെടുത്തിട്ടില്ല. നവംബർ മാസത്തോടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുമെന്നാണ് ഡോ. എൻ. ജയരാജ് എം.എൽ.എ. അറിയിച്ചിരിക്കുന്നത്. പദ്ധതി വൈകിപ്പിക്കാതെ നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്. ദേശീയപാതയിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽനിന്ന് ചിറ്റാർ പുഴയ്‌ക്ക്‌ മുകളിലൂടെ പാലം നിർമിച്ച് ടൗൺഹാളിന് സമീപത്തുകൂടി പൂതക്കുഴി റാണിയാശുപത്രി പടിക്ക്‌ സമീപം ചെന്നെത്തുന്നതാണ് ബൈപാസ്.

error: Content is protected !!