റബ്ബർ കർഷകർക്ക് ആശ്വാസം ; രാജ്യാന്തര വിപണിയിൽ റബർ വില 139 , ഇന്ത്യൻ വിപണിയിൽ റബർവില കിലോഗ്രാമിനു 179 രൂപ
കാഞ്ഞിരപ്പള്ളി : 2020 മേയിൽ 115 രൂപ വില ലഭിച്ചിരുന്ന റബ്ബറിന്റെ നിലവിലെ വില കിലോഗ്രാമിനു 179 രൂപയാണ്.
കോവിഡ് മൂലം രാജ്യാന്തര വിപണിയിൽ റബർ വില ഇടിയുമ്പോഴും ഇന്ത്യൻ വിപണിയിൽ കുതിപ്പ് തുടരുകയാണ്. രാജ്യത്തെ റബർ ഉൽപാദനവും ഉപയോഗവും ഒരു പോലെ വർധിക്കുന്നു, ഒപ്പം വിലയും. കഴിഞ്ഞ 15 മാസത്തിനിടെ കിലോഗ്രാമിനു കൂടിയത് 64 രൂപയാണ്. ഇന്നത്തെ റബർ വില കിലോഗ്രാമിന് 179 രൂപയാണ്. അടുത്ത കാലത്ത് ലഭിക്കുന്ന ഉയർന്ന വിലയാണിത്.
2020 മേയിൽ 115 രൂപയായിരുന്നു ലഭിച്ചിരുന്നത്. രാജ്യാന്തര വിപണിയിൽ 142 രൂപയാണ് റബർ വില. കപ്പലുകളുടെ ക്ഷാമം മൂലം ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര ഉൽപാദനം കൂടിയതുമാണ് വില ഉയരാൻ കാരണമെന്ന് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു.
ലാറ്റക്സിന് വില ഉയർന്നതോടെ റബർ ഷീറ്റ് ഉൽപാദനം കർഷകർ കുറച്ചു. ലാറ്റക്സിന് കിലോഗ്രാമിന് 128 രൂപ പിന്നിട്ടു. ഫീൽഡ് ലാറ്റക്സിന് 180 രൂപയുണ്ട്. കോവിഡ് പ്രതിരോധ ഉൽപന്നങ്ങളുടെ നിർമാണം ഉയർന്നതാണു ലാറ്റക്സ് വില കൂടാൻ കാരണം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 1,34,000 ടൺ റബറാണ് ഉൽപാദിപ്പിച്ചത്. ഈ വർഷം ഇതേ കാലയളവിൽ 1,87,000 ടൺ റബർ ഉൽപാദിപ്പിച്ചു. അതേസമയം ഉപയോഗം 2,37,620 ടണ്ണിൽ നിന്ന് 4,16,000 ടണ്ണായി ഉയർന്നു. ഇറക്കുമതി 1,08,424 ടണ്ണിൽ നിന്ന് 1,47,809 ടണ്ണായി ഉയർന്നു.