പുറമ്പോക്ക് ഭൂമിയുടെ സർവേ ആരംഭിച്ചു 53 കുടുംബങ്ങൾ പ്രതിഷേധത്തിൽ
മുണ്ടക്കയം: മണിമലയാറിന്റെ തീരമായ വെള്ളനാടി മുറികല്ലുംപുറത്ത് റവന്യൂവിന്റെ നേതൃത്വത്തിൽ പുറമ്പോക്ക് ഭൂമിയുടെ സർവേ ആരംഭിച്ചു. വെള്ളനാടി പാലത്തിന് സമീപമുള്ള സ്ഥലത്തുനിന്നു ശനിയാഴ്ചയാണ് അളന്ന് തിരിക്കൽ ആരംഭിച്ചത്. ഹാരിസൺ മലയാളം കമ്പനി ലിമിറ്റഡും പ്രദേശവാസികളുമായി ഭൂമി സംബന്ധിച്ച തർക്കം നിലനിൽക്കുന്ന പ്രദേശമാണിവിടം.
മൂന്നുവർഷമായി ഭൂസമരസമിതിയുടെ നേതൃത്വത്തിൽ ഇവിടെ സമരം ചെയ്തുവരുകയാണ്. ഇവർ താമസിക്കുന്ന ഭൂമിയിലെ സർവേ നടപടി തടയുമെന്നനിലപാടിലാണ് പ്രദേശവാസികൾ. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ 24-ന് സ്ഥലം അളക്കാൻ എത്തിയ റവന്യൂ സംഘം തിരികെ മടങ്ങി. എസ്റ്റേറ്റ് അധികൃതർ കോടതിയെ സമീപിച്ചതോടെയാണ് സ്ഥലം അളക്കാൻ റവന്യൂ അധികൃതർക്ക് കോടതി നിർദേശം നൽകിയത്. കേസിൽ സമരസമിതിയും കക്ഷി ചേർന്നിട്ടുണ്ട്. റവന്യൂ അധികൃതരും പോലീസും രാവിലെ സ്ഥലത്ത് എത്തിയെങ്കിലും മഴമൂലം സർവേ ആരംഭിക്കുവാൻ വൈകി. പ്രദേശത്ത് 53 കുടുംബങ്ങളാണ് തമാസിക്കുന്നത്. തിങ്കളാഴ്ച സർവേ തുടർന്നേക്കും.