പനമറ്റം ക്ഷേത്രത്തിൽ അനുജ്ഞാകലശവും ബാലാലയ പ്രതിഷ്ഠയും

പനമറ്റം ഭഗവതിക്ഷേത്രത്തിൽ ഗണപതിപ്രതിഷ്ഠയ്ക്കായി നിർമിച്ച ബാലാലയം

പനമറ്റം: ഭഗവതിക്ഷേത്രത്തിൽ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അനുജ്ഞാകലശവും ബാലാലയ പ്രതിഷ്ഠയും ചൊവ്വാഴ്ച നടത്തും. തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി പുന്നശ്ശേരിയില്ലം വിനോദ് എൻ.നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ.

തിങ്കളാഴ്ച വൈകീട്ട് ഏഴിന് മഹാസുദർശന ഹോമത്തോടെ ചടങ്ങുകൾ തുടങ്ങും. ഭഗവതിസേവ, ആവാഹനം എന്നിവയും നടത്തും. ചൊവ്വാഴ്ച രാവിലെ അഷ്ടദ്രവ്യഗണപതി ഹോമം, തിലഹവനം, സായൂജ്യപൂജ, കാൽകഴുകിച്ചൂട്ട് എന്നിവയുണ്ട്. തുടർന്ന് അനുജ്ഞാകലശവും ബാലാലയ പ്രതിഷ്ഠയും നടത്തും. 

നാലമ്പലത്തിനുള്ളിലെ ഗണപതി പ്രതിഷ്ഠയാണ് ബാലാലയത്തിലേക്ക് മാറ്റുന്നത്. കോവിഡ് മാനദണ്ഡം പാലിച്ച് ഭക്തജനത്തിരക്കൊഴിവാക്കിയാണ് ചടങ്ങുകൾ നടത്തുന്നത്. ഭക്തർക്ക് ക്ഷേത്രത്തിന്റെ ഫെയ്‌സ് ബുക്ക് പേജിൽ തത്സമയ സംപ്രേഷണം കാണാം. 

നാനാജാതി മതസ്ഥരായവരുടെ സഹകരണത്തോടെ ചുറ്റമ്പല നവീകരണം വേഗം പൂർത്തിയാക്കാനാകുമെന്ന് ദേവസ്വം മാനേജർ കെ.പി. കരുണാകരൻ നായർ കീച്ചേരിൽ, സെക്രട്ടറി ബി. വിജയകുമാർ ഇലമ്പലാശേരി എന്നിവർ പറഞ്ഞു. 75 ലക്ഷം രൂപയുടെ തടി പ്രദേശത്തെ ഭക്തരുടെ സംഭാവനയായി ലഭിച്ചു. ചുറ്റമ്പലത്തിന്റെ ഭിത്തി ശിലയിലും മേൽക്കൂര തടിയിലും നിർമിച്ച് ചെമ്പ് പാകിയാണ് നവീകരിക്കുന്നത്. മൂന്നുകോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

error: Content is protected !!