മുണ്ടക്കയത്ത് ചിൽഡ്രൻസ് പാർക്ക് ഒരുങ്ങുന്നു
മുണ്ടക്കയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യ ചിൽഡ്രൻസ് പാർക്ക് മുണ്ടക്കയത്ത് ഒരുങ്ങുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷന് സമീപത്തുള്ള സ്ഥലത്താണ് ചിൽഡ്രൻസ് പാർക്ക് ഒരുക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അനുവദിച്ച അഞ്ചു ലക്ഷം രൂപ മുടക്കിയാണ് പാർക്കിന്റെ ആദ്യ ഘട്ടം നിർമാണം നടക്കുന്നത്.
കുട്ടികൾക്ക് ചെയറുകൾ, ഊഞ്ഞാലുകൾ, കളിക്കോപ്പുകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പാർക്കിൽ ഒരുക്കുന്നുണ്ട്. മുണ്ടക്കയം സർക്കിൾ ഇൻസ്പെക്ടർ രക്ഷാധികാരിയായി ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് പാർക്കിന്റെ നിർമാണം നടത്തുക.
പോലീസ് സ്റ്റേഷന് സമീപത്തുള്ള അര ഏക്കറോളം സ്ഥലമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി. അനിൽകുമാർ, പി.കെ. പ്രദീപ് തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു. എത്രയും വേഗം പാർക്കിന്റെ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു. പാർക്ക് പ്രവർത്തനസജ്ജമാകുന്നതോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ആദ്യ ചിൽഡ്രൻസ് പാർക്കായി ഇത് മാറും.