ഒരു പേരിലെന്തിരിക്കുന്നു ? എന്നാൽ ഒരേ പേരു കാരണം വലയുന്നത് മൂന്നുപേർ ..
എരുമേലി : ഒരേ സ്ഥലത്ത് മൂന്ന് പേർക്ക് ഒരേ പേരും വീട്ടുപേരുമായത് ആദ്യമൊക്കെ തമാശയായി എടുത്തെങ്കിലും, പിന്നീടത് ഒരാൾക്ക് അത് ദുരിതമായി, മറ്റൊരാൾക്ക് രക്ഷയും.. .
.ഒടുവിൽ പേരിനൊപ്പം മറ്റൊരു പേര് കൂടെചേർത്തിട്ടും ദുരിതം ഒഴിയുന്നില്ല. എരുമേലിയിലെ ശ്രീനിപുരം കോളനിയിലാണ് സംഭവം. പുളിച്ചുമാക്കൽ വീട്ടിൽ സതീശ് എന്ന പേരുള്ളത് മൂന്ന് പേർക്ക്. മൂന്ന് പേരും കോളനിയിലെ വിവിധ ഭാഗങ്ങളിലാണ് താമസിക്കുന്നത്. പി കെ എന്നതാണ് മൂന്ന് പേരുടെയും പേരിനൊപ്പമുള്ള ഇനിഷ്യൽ. പക്ഷെ കത്തുകൾ അയച്ചാൽ ലഭിക്കുന്നത് ഒരാൾക്ക് മാത്രമാണ്. കത്ത് തനിക്കല്ലെന്ന് മനസിലായാൽ ഈ സതീശ് മറ്റ് സതീശുമാരിലെ യഥാർത്ഥ ഉടമക്ക് കത്ത് കൈമാറും. പക്ഷെ പോലീസിൽ നിന്ന് ട്രാഫിക് നിയമ ലംഘനത്തിന് പെറ്റി വന്ന് തുടങ്ങിയപ്പോൾ കഥ മാറി. പെറ്റി ഏറ്റെടുക്കാൻ മറ്റ് സതീശുമാർ തയ്യാറായില്ല.പെറ്റി പ്രശ്നമാണെന്ന് കണ്ടപ്പോൾ തപാൽ ലഭിക്കുന്ന സതീശ് തന്റെ പേരിനൊപ്പം വിളിപ്പേരായ മാമൻ എന്ന പേര് കൂടി ചേർത്തു. പക്ഷെ അതുകൊണ്ടൊന്നും ദുരിതം ഒഴിഞ്ഞില്ല. കഴിഞ്ഞ ദിവസം വീണ്ടും പെറ്റി കിട്ടി. ഇത്തവണ രണ്ടായിരം രൂപയാണ് പിഴ അടയ്ക്കാൻ നോട്ടീസ് കിട്ടിയത്. ഈ പെറ്റിയും മറ്റ് രണ്ട് സതീശുമാർ ഏറ്റെടുക്കാൻ തയ്യാറായില്ല. അതേസമയം പെറ്റിക്കൊപ്പം തപാലിൽ ആധാർ കാർഡിനുള്ള അപേക്ഷക്ക് മറുപടിയായി ലഭിച്ച ആധാർ കാർഡ് മറ്റ് രണ്ട് സതീശുമാരിൽ ഒരാളുടേതായിരുന്നു. ഇത് ആ സതീശ് കൈപ്പറ്റി. ഇനിയും പെറ്റി വരുമോയെന്ന ആശങ്കയിലാണ് പേരിന്റെ ദുരിതം പേറുന്ന സതീശ്.