കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന്
കാഞ്ഞിരപ്പള്ളി: സാമൂഹ്യ സേവന രംഗത്ത് കത്തോലിക്ക കോൺഗ്രസിന്റെ സേവനങ്ങൾ മാതൃകാപരമെന്നും പച്ചക്കറി കൃഷി പ്രോത്സാഹനാർത്ഥം സംഘടന നടത്തിയ അടുക്കളത്തോട്ട നിർമാണവും കോവിഡ് കാലത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമാണെന്നും ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.
വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോടനുബന്ധിച്ച് “യൗസേപ്പിന്റെ കരുതൽ’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി രൂപത സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ അഗതിമന്ദിരങ്ങളിൽ ഭക്ഷ്യവിഭവങ്ങൾ എത്തിച്ചു നൽകുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഡോ.എൻ. ജയരാജ്. ഛായാചിത്രരചനയിലും നൃത്തത്തിലും സംഗീതത്തിലും മികവു തെളിയിച്ച ഓസ്റ്റിൻ കുര്യൻ (കൊല്ലമുള ), ആൻമരിയ സാജൻ, റിച്ച എൽസ ബോബി (ചേനപ്പാടി) എന്നീ കുട്ടികൾക്ക് ഡോ.എൻ. ജയരാജ് മൊമെന്റോ നൽകി ആദരിച്ചു.