ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിൽ സമ്പൂർണ വാക്‌സിനഷൻ നൽകുവാൻ മുൻകൈയെടുത്ത വാർഡംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആന്‍റണി മാർട്ടിൻ മാതൃകയായി. സമ്പൂർണ വാക്സിനേഷൻ മാതൃകാപരമായ നടപടിയെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്
കാഞ്ഞിരപ്പള്ളി: കോവിഡ് താണ്ഡവം ആടുന്ന സമയത്ത്, ചിറക്കടവ് പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡായ കുന്നുംഭാഗത്ത് അർഹരായ എല്ലാവർക്കും വാക്‌സിനഷൻ നൽകി നാടിനെ രക്ഷിക്കുവാൻ മുൻകൈയെടുത്ത് മാതൃകയായ വാർഡംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആന്‍റണി മാർട്ടിന് അഭിനന്ദന പ്രവാഹം. ആന്റണി മാർട്ടിന്റെ നേതൃത്വത്തിൽ, ആരോഗ്യപ്രവർത്തകർക്കൊപ്പം, സന്നദ്ധസേവനത്തിന് തയ്യാറാവരെയും ഒപ്പം ചേർത്ത്, ഓരോ വീടുകളിലും നേരിട്ട് ചെന്ന്, സർവെ നടത്തി വാക്സിൻ എടുക്കാനുള്ളവരുടെ ലിസ്റ്റ് തയാറാക്കിയാണ് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയത്
ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡ് സമ്പൂർണ വാക്സിനേഷന് കൈവരിച്ചത് ഏവരും മാതൃകയാക്കണമെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു. ഏഴാം വാർഡിൽ സമ്പൂർണ വാക്സിനേഷൻ സംബന്ധിച്ച് പ്രഖ്യാപനം നടത്തി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ചിറക്കടവ് പഞ്ചായത്തിലെ ഏറ്റവും വലിയ വാർഡായ കുന്നുംഭാഗത്ത് കോവിഡ് ബാധിച്ചവരും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഒഴികെ, 18 വയസ് പൂർത്തിയാക്കിയ എല്ലാവരും വാക്സിൻ എടുത്തു കഴിഞ്ഞു. വീടുകളിലെത്തി സർവെ നടത്തി വാക്സിൻ എടുക്കാനുള്ളവരുടെ ലിസ്റ്റ് തയാറാക്കിയാണ് സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കിയത്. ഒക്ടോബറിൽ കുട്ടികളുടെ വാക്സിൻ ആരംഭിക്കുന്നതിനു മുന്നോടിയായി കുട്ടികളുടെ പ്രായം തിരിച്ചുള്ള ലിസ്റ്റും തയാറാക്കി കഴിഞ്ഞു. സർവെ നടത്തി ഉറപ്പാക്കിയതിനു ശേഷം സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ജില്ലയിലെ ആദ്യത്തെ വാർഡാണ് ഇതെന്ന് വാർഡംഗവും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ആന്‍റണി മാർട്ടിൻ പറഞ്ഞു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. ശാന്തി, ആർഎംഒ ഡോ. രേഖാ ശാലിനി, ഷാജി പാമ്പൂരി, രവിന്ദ്രൻ നായർ, ഷാജി നല്ലേപറന്പിൽ , സുമേഷ് ആൻഡ്രൂസ്, കെ. ബാലചന്ദ്രൻ , ഡി.എൻ. കരുണാകരൻ, മധു താവകുന്നേൽ, ബിജു എം.സി., ടി. അജിത്കുമാർ, റെജി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.