നല്ലവനായ’ കള്ളൻ ആ സൈക്കിൾ ചന്ദ്രൻപിള്ളയ്ക്ക് തിരികെ കൊടുത്തു

കാഞ്ഞിരപ്പള്ളി∙ രണ്ടു ദിവസം പിരിഞ്ഞിരിക്കേണ്ടി വന്നെങ്കിലും, സന്തതസഹചാരിയെ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രൻപിള്ള (64). ചൊവ്വാഴ്ച മോഷണം പോയ സൈക്കിൾ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ 4 കിലോമീറ്റർ അകലെ ചിറക്കടവ് മൂന്നാം മൈലിനു സമീപം ആളൊഴിഞ്ഞ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ ആദ്യം ചന്ദ്രൻപിള്ള സ്ഥലത്തെത്തി തന്റെ സൈക്കിളാണെന്ന് ഉറപ്പിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ചന്ദ്രൻപിള്ളയെ സൈക്കിൾ ഏൽപിച്ചു. മാധ്യമ വാർത്തകൾ കണ്ടു മോഷ്ടാക്കൾ ആളൊഴിഞ്ഞ സ്ഥലത്തു സൈക്കിൾ കൊണ്ടുവന്നു വച്ചതാണെന്നു കരുതുന്നു. 36 വർഷമായി ഒപ്പമുണ്ടായിരുന്ന സൈക്കിൾ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ചന്ദ്രൻപിള്ള വിഴിക്കത്തോട്ടിലെ തന്റെ ഹോട്ടലിലേക്കു മടങ്ങി. ഹോട്ടലിലേക്ക് ആവശ്യമായ വിറക്, വാഴക്കുല തുടങ്ങി എല്ലാ സാധനങ്ങളും എത്തിച്ചിരുന്നത് ഈ സൈക്കിളിലാണ്.

ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണു ചന്ദ്രൻപിള്ളയുടെ ഹെർക്കുലിസ് സൈക്കിൾ മോഷണം പോയത്. വിഴിക്കിത്തോട് ജംക്‌ഷനിൽ ശ്രീവിലാസം ഹോട്ടൽ നടത്തുന്ന ചന്ദ്രൻപിള്ള വിഴിക്കിത്തോട് – കുറുവാമൂഴി റോഡരികിൽ സൈക്കിൾ വച്ച ശേഷം അടുത്തുള്ള റബർ തോട്ടത്തിൽ വിറകു ശേഖരിക്കാൻ പോയി. തിരിച്ചെത്തിയപ്പോൾ സൈക്കിൾ കണ്ടില്ല. വീട്ടുകാരും നാട്ടുകാരും ചേർന്നു തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു.

error: Content is protected !!