മുണ്ടക്കയം കോസ്വേ പാലത്തിന്റെ കൈവരികൾക്കു പുനർജീവനാകുന്നു
മുണ്ടക്കയം: പ്രളയത്തിൽ തകർന്ന മുണ്ടക്കയം കോസ്വേ പാലത്തിന്റെ കൈവരികളുടെ നവീകരണപ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു.
2018-19 വർഷങ്ങളിലുണ്ടായ പ്രളയത്തിലെ മഴവെള്ളപ്പാച്ചിലിൽ വലിയ മരങ്ങൾ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളിൽ ഇടിച്ചാണ് കേടുപാട് സംഭവിച്ചത്. പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുണ്ടക്കയം പഞ്ചായത്തടക്കം നിരവധിത്തവണ പൊതുമരാമത്ത് വിഭാഗത്തെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്നു വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ താത്കാലിക സംരക്ഷണമൊരുക്കിയെങ്കിലും അതും മറ്റ് അപകടങ്ങൾക്ക് വഴി വയ്ക്കുകയായിരുന്നു.
രണ്ടുമാസം മുമ്പ് ബൈക്ക് യാത്രക്കാരന് എതിരേ വന്ന വാഹനം ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ താത്കാലികമായി നിർമിച്ച കൈവരിയിൽതട്ടി സാരമായി പരിക്കേറ്റിരുന്നു. ഇതോടെ പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയെ സമീപിക്കുകയും നവീകരണ പ്രവർത്തനത്തിനായി മൂന്നുലക്ഷം രൂപ അദ്ദേഹം അനുവദിക്കുകയുമായിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ഇപ്പോൾ പാലത്തിന്റെ കൈവരികൾ നവീകരിക്കുന്ന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു കണക്കുകൂട്ടുന്നതെന്ന് എംഎൽഎ അറിയിച്ചു.