അതുല്യനടൻ തിലകന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു
മുണ്ടക്കയം: ചലച്ചിത്രതാരം തിലകന്റെ ജന്മനാടായ മുണ്ടക്കയത്ത് തിലകൻ സ്മാരക സാംസ്കാരിക നിലയം ഒരുങ്ങുന്നു. 2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെയാണ് തിലകൻ സ്മാരക സാംസ്കാരികനിലയം നിർമിക്കാൻ ഒരു കോടി രൂപ തുക വകയിരുത്തിയത്.
സാങ്കേതിക തടസങ്ങൾ മൂലം ഇതിന്റെ തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഇടപെട്ട് സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കി പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. മുണ്ടക്കയം ബസ് സ്റ്റാൻഡിനുസമീപത്തായി പഞ്ചായത്ത് നൽകിയ സ്ഥലത്താണ് ഓഡിറ്റോറിയം, കടമുറികൾ ഉൾപ്പെടെ രണ്ടുനിലകളിലായി സാംസ്കാരികനിലയം നിർമിക്കുന്നത്. രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റാണു തയാറാക്കുക. നിർമാണത്തിന് ആവശ്യമായിവരുന്ന ബാക്കിത്തുക ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയും എംഎൽഎ ഫണ്ടിൽനിന്നും കണ്ടെത്താനാണു തീരുമാനം.
പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗത്തിനാണ് സാംസ്കാരിക നിലയത്തിന്റെ നിർമാണ ചുമതല. നിർമാണം പൂർത്തിയായാൽ സാംസ്കാരിക നിലയത്തിന്റെ നടത്തിപ്പ് ചുമതല പഞ്ചായത്തിനായിരിക്കും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഇന്നു പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനിയറിംഗ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു തുടർ നടപടികൾ സ്വീകരിക്കും.