പട്ടയത്തിനയുള്ള കാത്തിരിപ്പ് 70 വർഷങ്ങൾ പിന്നിട്ടു..
എരുമേലി: കാഞ്ഞിരപ്പള്ളി താലൂക്കിൽ ആറ് പതിറ്റാണ്ടുകളിലേറെയായി കൈവശഭൂമിക്ക് പട്ടയമില്ലാതെ പതിനായിരത്തോളം കർഷക കുടുംബങ്ങളാണുള്ളത്. ഇവരിലേറെയും എരുമേലി തെക്ക്, വടക്ക് വില്ലേജുകളുടെ പരിധിയിലുള്ള കോരുത്തോട്, കുഴിമാവ്, പാക്കാനം, പുഞ്ചവയൽ, കൊപ്പം, തുമരംപാറ, എലിവാലിക്കര, പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലുള്ളവർ.
കൈവശഭൂമിക്ക് പട്ടയംകിട്ടാൻ പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല, ആശ്രയിക്കാത്ത ജനപ്രതിനിധികളുമില്ല. പക്ഷേ, ഇന്നും കൃഷിഭൂമിക്ക് പട്ടയം എന്നത് സ്വപ്‌നമായി തുടരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുവരുമ്പോൾ സ്ഥലം ഈടുനൽകി വായ്പയെടുക്കാൻപോലുമാകാതെ ഗതികേടിലാണ് കർഷകർ. കാട്ടുമൃഗങ്ങളുടെ ശല്യംകാരണം കൃഷിചെയ്ത് ഉപജീവനം നടത്താനുള്ള ശ്രമങ്ങളും പരാജയം.
തീരുമാനമായി, യാഥാർഥ്യമായില്ല
എരുമേലി തെക്ക്, വടക്ക് വില്ലേജുകളിലായി ഹിൽമെൻ സെറ്റിൽമെന്റ് പ്രദേശങ്ങളിൽ പട്ടയം നൽകാൻ സർക്കാർ തീരുമാനമായി. കൈവശക്കാരിൽനിന്ന് അപേക്ഷകളും സ്വീകരിച്ചു. നിലവിൽ 7000-ത്തോളം അപേക്ഷകളാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ ലഭിച്ചിരിക്കുന്നത്. പക്ഷേ, നാളിതുവരെ പട്ടയം കിട്ടിയില്ല.
വിലയില്ലാത്ത പട്ടയവുമായി പമ്പാവാലി…
കാഞ്ഞിരപ്പള്ളി താലൂക്കിന്റെ പരിധിയിൽ എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളാണ് പമ്പാവാലി, എയ്ഞ്ചൽവാലി ജനവാസകേന്ദ്രങ്ങൾ.
ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 1948-49 കാലത്ത് ഗ്രോ മോർ ഫുഡ് പദ്ധതിയിൽ കൃഷിക്കായി കുടിയേറിയവരുടെ പിൻതലമുറക്കാരാണ് പ്രദേശത്ത് ഇന്ന് അധിവസിക്കുന്നത്. പ്രദേശത്ത് ആയിരത്തിലേറെ കുടുംബങ്ങളാണുള്ളത്. 70 വർഷം കഴിഞ്ഞിട്ടും കൃഷിഭൂമിക്ക് പട്ടയമില്ല.
2016-ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് 904 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുകയും 500-ൽപരം ആളുകൾക്ക് വിതരണം ചെയ്യുകയുമുണ്ടായി. പിന്നീട് വനനിയമത്തിന്റെ പേരിൽ പട്ടയവിതരണം തടസ്സപ്പെടുകയും പട്ടയം വിതരണംചെയ്ത സ്ഥലങ്ങളുടെ കരം പിന്നീട് സ്വീകരിച്ചിട്ടുമില്ല. ‘ജനങ്ങളുടെ പ്രശ്‌നം ജനപ്രതിനിധികൾ മനസ്സിലാക്കണം, പരിഹാരമുണ്ടാക്കണം,’-കർഷകർ പറയുന്നു.