ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ചെയർപേഴ്സണ്‍ സുഹറ അബ്ദുൾ ഖാദറിനെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസം എസ്ഡിപിഐയുടെ പിന്തുണയോടെ പാസായി. 28 അംഗ നഗരസഭാ കൗണ്‍സിലിൽ കോണ്‍ഗ്രസിൽനിന്നു കൂറുമാറിയ അൻസലന പരീക്കുട്ടിയുടേതടക്കം 15 വോട്ട് എൽഡിഎഫിന് ലഭിച്ചു. വെൽഫയർ പാർട്ടിയുടെ അംഗങ്ങൾ ഉൾപ്പെടെ 13 യുഡിഎഫ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
നഗരസഭാ കൗണ്‍സിലിൽ കോണ്‍ഗ്രസിൽനിന്നു കൂറുമാറിയ അൻസലന പരീക്കുട്ടിയടക്കം എൽഡിഎഫിന് 10 അംഗങ്ങളാണുള്ളത്. യുഡിഎഫിന് 13 ഉം എസ്ഡിപിഐക്ക് അഞ്ച് അംഗങ്ങളുമുണ്ട്. യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പും സ്വജന പക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം നൽകിയതെന്ന് എൽഡിഎഫ് പറഞ്ഞു.
ഇന്നലെ രാവിലെ 11ന് കൗണ്‍സിൽ ഹാളിൽ ആരംഭിച്ച ചർച്ചകൾക്ക് നഗരകാര്യ ജോയിന്റ് ഡയറക്ടർ ഹരികുമാർ റിട്ടേണിംഗ് ഓഫീസറായിരുന്നു. നാടിന്റെ വികസനം തടസപ്പെടുത്താനാണ് എൽഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചതെന്നും തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടത്തിനായി ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന ഇടതുമുന്നണിയുടെ നയം ജനാധിപത്യവിശ്വാസികൾ തിരിച്ചറിയണമെന്നും യുഡിഎഫ് മണ്ഡലം ചെയർമാൻ പി.എച്ച്. നൗഷാദ് പറഞ്ഞു.
സിപിഎം സംസ്ഥാന സമിതിയുടെ നിലപാടിനു വിരുദ്ധമായി യാതൊരു തീരുമാനവും എടുക്കില്ലെന്നും തുടർനടപടികൾ പാർട്ടിയുടെ നയത്തിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സിപിഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറഞ്ഞു. നഗരസഭാ ഭരണനേതൃത്വത്തിന്റെ വിവേചനപരവും ഏകാധിപത്യപരവുമായ നിലപാടുകൾക്കെതിരായ നിലപാടാണ് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതിലൂടെ എസ്ഡിപിഐ കൈക്കൊണ്ടതെന്നു പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് സി.എച്ച്. ഹസീബ് പറഞ്ഞു.
എസ്ഡിപിഐ-സിപിഎം അവിശുദ്ധ കൂട്ടുകെട്ട്
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസത്തെ പിന്തുണയ്ക്കുക വഴി എസ്ഡിപിഐ-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണ് നടന്നതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.
എസ്ഡിപിഐ ബന്ധത്തിൽ സിപിഎം നിലപാട് മാറ്റിയോ എന്നറിയാൻ ജനത്തിന് ആഗ്രഹമുണ്ട്. അഭിമന്യുവിന്റെ കുടുംബത്തോട് സിപിഎം മാപ്പുപറയണമെന്നും നാട്ടകം സുരേഷ് പറഞ്ഞു.