പഴയിടത്ത് പുതിയ പാലം നിർമിക്കണമെന്ന്
പൊൻകുന്നം: കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ പഴയിടം പാലത്തിന് പകരം ഹൈവേ നിരത്തിലേക്ക് ഉയർത്തി പുതിയ പാലം നിർമിക്കണമെന്ന് പഴയിടം ഗ്രാമ വികസന സമിതി ആവശ്യപ്പെട്ടു.
ചിറക്കടവ്, എരുമേലി, മണിമല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പഴയിടം പാലം കൈവരികൾ തകർന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി.
ദിനംപ്രതി സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന പഴയിടം പാലം കഴിഞ്ഞ മലവെള്ളപ്പാച്ചിലിലാണ് കൈവരികൾ തകർന്ന് അപകടാവസ്ഥയിലായത്. ഓരോ വർഷവും വെള്ളം ഉയരുമ്പോൾ തടി വന്നിടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നു പോകുന്നത് പതിവാണ്. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് ഓരോ വർഷവും പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കുന്നത്.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ നിർമാണം പൂർത്തിയായതോടെ ഹൈവേ നിരപ്പിൽനിന്നു വളരെ താഴ്ന്ന നിലയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഇതുമൂലം പാലത്തിൽ നിന്ന് ഹൈവേയിലേക്ക് കയറുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഹൈവേ നിരത്തിലേക്ക് ഉയർത്തി പുതിയ പാലം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഴയിടം ഗ്രാമവികസന സമിതിയുടെ നേത്യത്വത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജിനും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്കും നിവേദനം നൽകി.