കുറുക്കന്റെ ആക്രമണത്തിൽ പരിക്കേറ്റു
മണിമല: കുറുക്കന്റെ അക്രമണത്തിൽ കറിക്കാട്ടൂർ പൂവത്തോലി അമ്മനത്ത് രാജേന്ദ്രന് (58) പരിക്കേറ്റു. ശരീരമാകെ പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. വീട്ടിലെ നായയുടെ കരച്ചിൽ കേട്ട് വീടിനു പുറത്തിറങ്ങിയ രാജേന്ദ്രനു നേരേ കുറുക്കൻ ചാടിയടുത്ത് അക്രമിക്കുകയായിരുന്നു. നാട്ടിൻപുറങ്ങളിൽ കുറുക്കന്മാർ രാപ്പകൽ വ്യത്യാസമില്ലാതെ വിഹരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പുരയിടങ്ങളിൽ കന്നുകാലികളെ ഒറ്റയ്ക്ക് കെട്ടിയിടാൻ സാധിക്കാത്ത അവസ്ഥയാണ്. കറുക്കൻ, പാക്കാൻ, കീരി, മരപ്പട്ടി, കാട്ടുപന്നി, മയിൽ, കാട്ടുകോഴി തുടങ്ങിയ ജീവികൾ ഈ പ്രദേശങ്ങളിൽ പെരുകിയിരിക്കുകയാണ്. മയിലുകൾ ഓടുമേഞ്ഞ വീട്ടുകളുടെയും സ്ഥാപനങ്ങളുടെ മുകളിൽ വന്നിരിക്കുമ്പോൾ ഓടുകൾ പൊട്ടിപ്പോകുന്നത് പതിവായിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.