ആറ് വർഷം, ഏഴ് അധ്യക്ഷർ ..ഇളകും കസേരയുമായി ഇൗരാറ്റുപേട്ട

ഈരാറ്റുപേട്ട

: ഈരാറ്റുപേട്ട പഞ്ചായത്ത് നഗരസഭ ആയിട്ട് ആറ് വർഷം തികയുമ്പോഴേക്കും ഏഴാമത്തെ ചെയർമാനായുള്ള കാത്തിരിപ്പിലാണ് ഈരാറ്റുപേട്ട നഗരസഭ.

ഈ ഭരണസമിതിയിലെ ആദ്യ ചെയർമാനായിരുന്ന സുഹ്‌റ അബ്ദുൽ ഖാദർ അവിശ്വാസത്തിലൂടെ പുറത്തായതോടെയാണ് ഏഴാമനായുള്ള കാത്തിരിപ്പ് തുടങ്ങിയത്.

കഴിഞ്ഞ ഭരണസമിതിയുടെ അഞ്ച് വർഷക്കാലത്ത് അഞ്ച് പ്രാവശ്യം ഇളകിയാടിയ ചെയർമാൻ കസേര ഇപ്രാവശ്യം എട്ട് മാസം മാത്രം പൂർത്തിയാകുമ്പോൾ ഇളകിത്തുടങ്ങി. കഴിഞ്ഞ ഭരണസമിതിയിൽ രണ്ടര വർഷത്തിനുശേഷമാണ് ആദ്യ ഇളക്കം സംഭവിച്ചത്. വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ മറുകണ്ടം ചാടിയതോടെയാണ് അവിശ്വാസങ്ങൾ വന്നത്. ഇത്തവണയും അതിനു മാറ്റമില്ല. യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭയിൽ കോൺഗ്രസ് അംഗം അൻസൽന പരിക്കുട്ടിയെ ഒപ്പം കൂട്ടിയാണ് എൽ.ഡി.എഫ്. അവിശ്വാസം പാസാക്കിയത്. അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട ശേഷം അൻസൽനയെ കാണാതായെന്ന് നഗരസഭാ യു.ഡി.എഫ്. കമ്മിറ്റി ആരോപിച്ചിരുന്നു. നഗരസഭയിൽ കഴിഞ്ഞ കാലഘട്ടങ്ങളിൽ നടന്ന അവിശ്വാസങ്ങളിലും സമാനമായ കാണാതാകലുകൾ ഉണ്ടായിട്ടുണ്ട്. കൂറുമാറിയ അംഗത്തിനെതിരേ ആരോപണം 

അവിശ്വാസ ചർച്ചയിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് കൂറുമാറിയ കോൺഗ്രസ് അംഗം അൻസൽനയ്ക്കെതിരേ ശക്തമായി പ്രതികരിച്ചു. കുടുംബശ്രീയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകൾക്ക് അൻസൽന മറുപടി പറയേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി. പി.എം.അബ്ദുൽഖാദൻ, സുഹ്‌റ അബ്ദുൽഖാദർ തുടങ്ങി യു.ഡി.എഫ്. അംഗങ്ങളാണ് ആദ്യം സംസാരിച്ചത്. തങ്ങൾ അവസാനമേ സംസാരിക്കുന്നുള്ളൂവെന്ന്‌ സി.പി.എം. അംഗം നിലപാടെടുത്തത് വാക്കേറ്റത്തിനിടയാക്കി. യോഗത്തിൽ സംസാരിച്ച അൻസൽന തന്റെ വാർഡിലേക്ക്‌ തുക നല്കാതിരുന്നതടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. തുടർന്ന് സി.പി.എം. പാർലമെന്ററി പാർട്ടി ലീഡർ അനസ് പാറയിൽ അവിശ്വാസ നോട്ടീസ് നല്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു.

error: Content is protected !!