തകർന്ന മുണ്ടക്കയം-കോരൂത്തോട് സംസ്ഥാനപാതയിലെ അറ്റകുറ്റപ്പണികൾ നിലച്ചു, യാത്രദുരിതം അതിരൂക്ഷം..
മുണ്ടക്കയം: കോരുത്തോട്-മുണ്ടക്കയം സംസ്ഥാന പാതയിലെ അറ്റകുറ്റപ്പണികൾ നിലച്ചു. തോടിന് സമാനമായ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിട്ടും നടപടിക്ക് തുനിയാതെ അധികൃതർ.
മുണ്ടക്കയം-കോരുത്തോട്-കണമല-ഇലവുങ്കൽ സംസ്‌ഥാന പാതയിൽ മുണ്ടക്കയം വരിക്കാനി മുതൽ കോരുത്തോട് പള്ളിപ്പടി വരെയുള്ള പന്ത്രണ്ട് കിലോമീറ്റർ റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണ് പ്രതിസന്ധിക്കിടയാക്കിയത്.
ഗതാഗതയോഗ്യമായിരുന്ന റോഡ് നവീകരണത്തിനായി കുത്തിപ്പൊളിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കനത്തമഴയിൽ വെള്ളം റോഡിലൂടെ കയറി ഒഴുകി ഇളക്കിയിട്ട മെറ്റലും മറ്റും ഒലിച്ച് പോയി. കോരുത്തോട്ടിൽനിന്ന് മുണ്ടക്കയത്ത് എത്താൻ അരമണിക്കൂർ സമയം മതിയായിരുന്നു. റോഡ് തകർന്നതോടെ ഒന്നരമണിക്കൂർ യാത്ര ചെയ്യേണ്ട ഗതികേടിലാണ് നാട്ടുകാർ. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും സ്ഥിരമാണ്.