‘വിശ്വാസം’…ഒപ്പം അവിശ്വാസവും അവിശ്വാസപ്രമേയത്തിൻമേൽ ഇന്ന് ചർച്ച
എരുമേലി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ ഭാഗ്യ-നിർഭാഗ്യങ്ങൾ മാറി മറിയുന്നതായിരുന്നു എരുമേലി ഗ്രാമപ്പഞ്ചായത്തിലെ കാഴ്ചകൾ. ഭരണം ഉറപ്പിക്കാൻ യു.ഡി.എഫും അവിചാരിതമായി കിട്ടിയ ഭരണം നിലനിർത്താൻ എൽ.ഡി.എഫും കച്ചകെട്ടി ഇറങ്ങിയപ്പോൾ നാട്ടുകാർക്ക് കൗതുക കാഴ്ചകൾ…
എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം നഷ്ടമായ യു.ഡി.എഫിനൊപ്പം നിൽക്കുന്ന വൈസ് പ്രസിഡന്റിനെതിരേ എൽ.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിൻമേൽ വ്യാഴാഴ്ചയാണ് ചർച്ച നടക്കുന്നത്. പഞ്ചായത്ത് ഹാളിൽ വരണാധികാരിയുടെ സാനിധ്യത്തിൽ 11-ന് ചർച്ച തുടങ്ങും. ഭരണത്തിൽ മേൽക്കൈ ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് സ്ഥാനം നഷ്ടമായ യു.ഡി.എഫ്, ഇക്കുറി വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമാകില്ലായെന്ന വിശ്വാസത്തിലാണ്. എന്നാൽ, അവിശ്വാസപ്രമേയത്തിൻമേൽ ചർച്ച കഴിഞ്ഞ് അഭിപ്രായം പറയാമെന്നാണ് എൽ.ഡി.എഫ്. നിലപാട്.
ആദ്യ അവിശ്വാസം പ്രസിഡന്റിനെതിരേ
ഒരു വോട്ട് അസാധുവായതിനെ തുടർന്ന് നഷ്ടമായ പ്രസിഡന്റ് സ്ഥാനം വീണ്ടെടുക്കാൻ ആറുമാസ കാലവധി പൂർത്തിയാക്കി യു.ഡി.എഫ്. കച്ചകെട്ടിയിറങ്ങി.
പക്ഷേ, ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് പാർട്ടി ചിഹ്നത്തിൽ വിജയിച്ച അംഗം പ്രകാശ് പള്ളിക്കൂടം അവിശ്വാസത്തിൽ പങ്കെടുക്കാതെ മാറിനിന്നപ്പോൾ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം പാളി ഭരണം എൽ.ഡി.എഫ്. നിലനിർത്തി. പാർട്ടിയെയും വോട്ടർമാരെയും വഞ്ചിച്ച പ്രകാശ് പള്ളിക്കൂടത്തിനെ കോൺഗ്രസിൽനിന്നും താത്കാലികമായി പുറത്താക്കിയതായും നിയമ നടപടികൾ സ്വീകരിച്ചതായും കോൺഗ്രസ് നേതൃത്വം പറയുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ എൽ.ഡി.എഫിന് അനുകൂലമായി മാറി നിന്ന പ്രകാശ് പള്ളിക്കൂടം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. ഇനി മാറി നിന്നാലും, കക്ഷിനില തുല്യമാണെങ്കിൽ നിയമപരമായി നിലവിലുള്ള വൈസ് പ്രസിഡന്റ് തുടരുമെന്നും യു.ഡി.എഫ്. നേതൃത്വം പറയുന്നു. വോട്ട് അസാധുവായത് യു.ഡി.എഫിന് തിരിച്ചടിയായി
23 വാർഡുള്ള എരുമേലി ഗ്രാമപ്പഞ്ചായത്തിൽ 11 വീതം സീറ്റാണ് യു.ഡി.എഫിനും എൽ.ഡി.ഫിനും. തുമരംപാറ വാർഡിൽ കോൺഗ്രസ് പാർട്ടി ഭാരവാഹിയായ ഇ.ജെ.ബിനോയി പാർട്ടിയുടെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു. വിജയിയെ വൈസ് പ്രസിഡന്റ് പദവി വാഗ്ദാനം നല്കി ഒപ്പം കൂട്ടിയപ്പോൾ കക്ഷിനില യു.ഡി.എഫ്-12, എൽ.ഡി.എഫ്-11 എന്ന നിലയിലായി ഭരണം ഉറപ്പിക്കുകയായിരുന്നു. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരുവോട്ട് അസാധുവായതിനെ തുടർന്ന് കക്ഷിനില തുല്യമായപ്പോൾ നറുക്കെടുപ്പിൽ എൽ.ഡി.എഫ്.സ്ഥാനാർഥിയായി വിജയിച്ച തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റായി.