ഈരാറ്റുപേട്ടയിൽ അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസ് മെമ്പർക്കെതിരെ ഡി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി
ഈരാറ്റുപേട്ട: നഗരസഭയിൽ യു.ഡി.എഫ്. അധ്യക്ഷയ്ക്കെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്ത കോൺഗ്രസിലെ അൻസൽന പരീക്കുട്ടിക്കെതിരേ ഡി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എൽ.ഡി.എഫ്. കൊണ്ടുവന്ന ആവിശ്വാസ പ്രമേയത്തെ എസ്.ഡി.പി.ഐ.യും അൻസൽനയും അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് യു.ഡി.എഫിന് അധ്യക്ഷസ്ഥാനം നഷ്ടമായത്.
അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പിൽ അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട സുഹ്‌റ അബ്ദുൽ ഖാദർ തന്നെ മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗത്തിൽ ഈ തീരുമാനം ശരിവയ്ക്കാനാണ് സാധ്യത.
ഒൻപത് അംഗങ്ങൾ മാത്രമുള്ള എൽ.ഡി.എഫിന്. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ എസ്.ഡി.പി.ഐ.യുടെ പിന്തുണ വേണം. അവിശ്വാസ പ്രമേയത്തിൽ എസ്.ഡി.പി.ഐ. പിന്തുണച്ചത് സംസ്ഥാനതലത്തിൽ വാർത്തയായതിനാൽ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാൻ സാധ്യതയില്ല.
അതേസമയം അൻസൽനയെ കേരള കോൺഗ്രസ് എമ്മിൽ ചേർത്ത് അധ്യക്ഷയാക്കാനുള്ള നീക്കമാണ് എൽ.ഡി.എഫ്. നടത്തുന്നതെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിക്കുന്നുണ്ട്. കൂറുമാറിയ അൻസൽനയെ പൊതുസ്വതന്ത്ര ആക്കിയാലും എൽ.ഡി.എഫും എസ്.ഡി.പി.ഐ.യും ഒന്നിച്ച് പിന്തുണച്ചാൽ മാത്രമേ വിജയ സാധ്യതയുള്ളൂ. ഇതിന് രണ്ടിനും വരുംനാളിൽ സി.പി.എം. പ്രാദേശിക നേതൃത്വം മറുപടി പറയേണ്ടിവരും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എസ്.ഡി.പി.ഐ. പിന്തുണയോടെ അധ്യക്ഷയായി ജയിച്ച ലൈലാ പരീതിനെ രാജിവെയ്പിച്ച ചരിത്രവും സി.പി.എമ്മിനുണ്ട്