കോട്ടയം ജില്ലയിൽ 18 വയസ്സിനുമുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് വാക്സിനേഷൻ 18-ന് അവസാനിക്കും
കോട്ടയം ജില്ലയിൽ 18 വയസ്സിനുമുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ 18-ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ അറിയിച്ചു. കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതുമൂലമോ വാക്സിൻ ഇപ്പോൾ സ്വീകരിക്കാൻ കഴിയാത്തവർ ഒഴികെയുള്ള എല്ലാവരും 18-നകം വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം.
ജില്ലയിൽ 18 വയസ്സിനുമുകളിൽ 14.84 ലക്ഷം ആളുകൾ ഉണ്ടെന്നാണ് കണക്ക്. ഇവരിൽ 14.05 ലക്ഷം പേർ ഇതിനോടകം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഏകദേശം 79,000 പേർ ഇനി വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവർക്ക് 18-നകം വാക്സിൻ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും 18 വരെ വാക്സിൻ വിതരണം ചെയ്യും. കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്കും ഈ ദിനങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം.