ഡോക്ടർ മനോജ്‌ മാത്യു രക്ഷകനായി ..ആതിരയുടെ തീരാവേദനക്ക് ശാശ്വത പരിഹാരമായി …

 December 5, 2014 

കാഞ്ഞിരപ്പള്ളി : ബുദ്ധിമുട്ടും കഷ്ടപ്പാടും കൂടുന്പോൾ ചിലർക്ക് ദൈവം പല വേഷങ്ങളിൽ എത്തി സഹായം നല്കാരുണ്ടെന്നു പലരും വിശ്വസിക്കുന്നു . തീരാവേദനയിൽ നട്ടം തിരിഞ്ഞ ആതിര എന്ന നാല് വയസ്സുള്ള കൊച്ചു പെണ്‍കുട്ടിയുടെ മുൻപിൽ അന്ന് ദൈവം പ്രത്യക്ഷപെട്ടത്‌ ഡോ. മനോജ്‌ മാത്യുവിന്റെ രൂപത്തിലാണ് ..

തക്ക സമയത്ത് കണ്ടു പിടിച്ചില്ലായിരുന്നെങ്കിൽ കാൻസർ പോലെയുള്ള മാരക രോഗങ്ങളിലേക്ക്‌ മാറിയേക്കാവുന്ന ഒരു സംഗതിയായിരുന്നു രണ്ടു ദിവസങ്ങൾക്കു മുൻപ് ഡോക്ടർ മനോജ്‌ കണ്ടെത്തി പരിഹരിച്ചത് … അതോടെ മൂന്നര വര്ഷങ്ങളായി കരഞ്ഞു കരഞ്ഞു തളർന്ന ആതിരയുടെ ചുണ്ടിൽ പാൽ പുഞ്ചിരി വിരിയുന്ന്നത് മാതാപിതാക്കൾ
കണ്‍കുളിർക്കെ കണ്ടു …

ഏഴുമാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ കുപ്പിവളയുടെ ഭാഗം മൂന്നര വര്‍ഷത്തിനുശേഷം ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മുക്കൂട്ടുതറ പുത്തന്‍പുരയ്ക്കല്‍ രാജേഷ് – ബിന്ദു ദമ്പതികളുടെ മകള്‍ ആതിരയുടെ തൊണ്ടയില്‍ കുടുങ്ങിയ കുപ്പിവളയാണ് ഇരുപത്താറാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോ. മനോജ് മാത്യു, ഡോ. ഷാജി പി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ പുറത്തെടുത്തത്.

ആതിരയുടെ തൊണ്ടയിലെ ടോണ്‍സില്‍ ഗ്ളാന്‍ഡിന് താഴെയായി തറച്ച നിലയിലായിരുന്നു ഒന്നരയിഞ്ചോളം നീളം വരുന്ന കുപ്പിവളത്തുണ്ട്. ജനിച്ച് ഏഴാം മാസത്തില്‍ ആതിരയുടെ വായില്‍ അകപ്പെട്ട കുപ്പിവള കടിച്ചുപൊട്ടിച്ചതായി മാതാപിതാക്കള്‍ പറയുന്നു. അന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിച്ചു കുഴപ്പമൊന്നുമില്ലെന്നും വളയുടെ ചെറിയതുണ്ടുകളാണെങ്കില്‍ അത് തനിയെ പോകുമെന്നും പറഞ്ഞ് ഇവരെ മടക്കി അയച്ചു.

എന്നാല്‍, പിന്നീട് ആതിരയ്ക്ക് വിട്ടുമാറാത്ത തൊണ്ടവേദനയും പനിയും ഉണ്ടാകാന്‍ തുടങ്ങി. അപ്പോഴെല്ലാം ഇവര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. മൂന്നുവര്‍ഷത്തിനിടെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, കുട്ടികളുടെ ആശുപത്രി തുടങ്ങി വിവിധ ആശുപത്രികളിലായി കുറഞ്ഞത് 20 ഡോക്ടര്‍മാരെങ്കിലും ആതിരയെ പരിശോധിച്ചതായി പിതാവ് രാജേഷ് പറഞ്ഞു.

ഇവിടെയെല്ലാം സ്കാനിംഗ് അടക്കമുള്ള പരിശോധനകളും നടത്തിയിരുന്നു. തൊണ്ടയില്‍ അണുബാധയാണെന്നുപറഞ്ഞ് ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കി മടക്കി അയയ്ക്കുകയായിരുന്നു പതിവ്. ആന്റിബയോട്ടിക് കഴിച്ച് കഴിയുമ്പോള്‍ വേദന ശമിക്കുമെങ്കിലും ഒരാഴ്ച കഴിയുമ്പോള്‍ പഴയ പടിയാകും. ചില ദിവസങ്ങളില്‍ രാവിലെ കുട്ടിക്ക് ഉമിനീര് ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അപ്പോഴെല്ലാം ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കി വേദനയും അണുബാധയും ശമിപ്പിച്ച് ആശുപത്രികള്‍ തോറും കയറി ഇറങ്ങുന്നതിനിടെയാണ് കഴിഞ്ഞ മാസം മേരി ക്വീന്‍സ് മിഷന്‍ ആശുപത്രിയിലെത്തി ശിശുരോഗ വിദഗ്ധന്‍ ഡോ. മനോജ് മാത്യുവിനെ സമീപിച്ചത്.

ഡോ. മനോജും ആദ്യം ടോണ്‍സിലൈറ്റിസ് ആണെന്ന നിഗമനത്തില്‍ ചികിത്സിച്ചു. എന്നാല്‍ വീണ്ടും കുട്ടിക്ക് തൊണ്ടവേദനയുമായി വ്യഴാഴ്ച എത്തിയതോടെയാണ് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. കുട്ടിയുടെ തൊണ്ടയില്‍ പഴുപ്പ് കണ്െടത്തിയതിനെത്തുര്‍ന്ന് സ്കാന്‍ ചെയ്തു. കുട്ടിയുടെ വായില്‍ വള പോയിരുന്ന വിവരവും മാതാപിതാക്കള്‍ പറഞ്ഞതോടെ ഡോക്ടറുടെ സംശയം ബലപ്പെട്ടു.

തുടര്‍ന്ന് ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍ ഷാജി പി.ജോര്‍ജും ചേര്‍ന്ന് കുട്ടിയുടെ വായ് പൊളിച്ച് നടത്തിയ പരിശോധനയില്‍ വളയുടെ അഗ്രഭാഗം പഴുപ്പില്‍ പൊതിഞ്ഞിരിക്കുന്നതായി കണ്െടത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഓപ്പറേഷന്‍ കൂടാതെ അതിവിദഗ്ധമായി കുട്ടിയുടെ തൊണ്ടയില്‍ നിന്നു കുപ്പിവളയുടെ കഷണം പുറത്തെടുക്കുകയായിരുന്നു.

വീഡിയോ കാണുക ..

error: Content is protected !!