ശബരിമല വിമാനത്താവളവിഷയത്തിൽ നിർണായകം കേന്ദ്രസർക്കാർ നിലപാട്

എരുമേലി : ശബരിമല വിമാനത്താവളവിഷയത്തിലും നിർണായകം കേന്ദ്രസർക്കാർ നിലപാട്. ശബരിമലയുടെ പ്രാധാന്യംകൊണ്ട് തന്നെ പദ്ധതിക്ക് അനുമതി കിട്ടുമെന്നാണ് സംസ്ഥാനം കരുതുന്നത്. വർഷം മൂന്ന് കോടി വരെ തീർഥാടകർ എത്തിച്ചേരുന്ന ശബരിമലയുടെ തൊട്ടടുത്ത വിമാനത്താവളം എന്ന ഖ്യാതിയാണ് ഇവിടെയുള്ളത്. തീർഥാടകരിൽ 25 ശതമാനമെങ്കിലും വിമാനത്താവളം ഉപയോഗപ്പെടുത്തിയാൽ പദ്ധതി ലാഭകരമാകും. ഇതരസംസ്ഥാന യാത്രികർക്ക് സമയലാഭവും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രവ്യോമയാന ഡയറക്ടറേറ്റ് ഉന്നയിച്ച വിഷയങ്ങളുടെ ശരിയായ ഉത്തരം നൽകേണ്ടത് വിഷയത്തിൽ പ്രധാനമാണ്. രാജ്യത്ത് ചെറിയ വിമാനത്താവളങ്ങൾ വേണമെന്ന മോദി സർക്കാരിന്റെ നയം ചെറുവള്ളിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് സംസ്ഥാനത്തിനുള്ളത്. വിഷയത്തിൽ സംസ്ഥാന ബി.ജെ.പി.ഘടകം അഭിപ്രായം പറഞ്ഞിട്ടില്ല. ഹിന്ദുഐക്യവേദി പദ്ധതിക്ക് എതിരാണ്. ഹാരിസണിൽ നിന്ന് പാട്ടക്കാലാവധി കഴിഞ്ഞ് ഏറ്റെടുക്കേണ്ട ഭൂമിയായതിനാൽ ഇത് ഭൂരഹിതർക്ക് നൽകണമെന്നതാണ് അവരുടെ ആവശ്യം.

അനുകൂലഘടകങ്ങൾ :

• ദേശീയപാതകളുടെ സാമീപ്യം ഗുണകരമാണ്. തിരുവനന്തപുരം-എരുമേലി ദൂരം 135 കിലോമീറ്ററും നെടുമ്പാശേരിക്ക് 110 കിലോമീറ്ററുമാണ്. കോട്ടയത്തിന് 58 കിലോമീറ്റർ. പമ്പയ്ക്ക് 45 കിലോമീറ്ററും.

• മലയോരമേഖലകളുടെ വികസനത്തിന് ഗുണകരം. പൊൻകുന്നം-പുനലൂർ പാത കൂടി ദേശീയപാതാ നിലവാരത്തിൽ എത്തിയതോടെ യാത്രാസൗകര്യങ്ങളിൽ കുതിച്ചുചാട്ടം.

• പ്രവാസികളുടെ യാത്രാസൗകര്യം. മധ്യതിരുവിതാംകൂറിലെ 25 ലക്ഷത്തോളം വരുന്ന പ്രവാസികൾക്ക് യാത്ര എളുപ്പമാകും. നിലവിൽ അവർ നെടുമ്പാശേരി, തിരുവനന്തപുരം എന്നിവയെ ആണ് ആശ്രയിക്കുന്നത്.

പ്രതികൂലഘടകം

• ഭൂമിയുടെ ഉടമാവകാശത്തിലെ കേസ്. പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുത്താലും നൂലാമാലകൾ തീരുമോ എന്ന സംശയം.

• ടേബിൾ ടോപ്പ് ഭൂപ്രകൃതി. റൺവേയ്‌ക്ക്‌ സ്ഥലം തികയുമോ എന്ന സംശയം. ഇതാണ് വ്യോമയാന ഡയറക്ടറേറ്റും പ്രകടിപ്പിച്ചത്.

• മണിമല, എരുമേലി വില്ലേജുകളിലെ സാമൂഹികആഘാതം പരിഹരിക്കൽ. കുന്നുകൾ ഇടിച്ചാലുണ്ടാകുന്ന പരിസ്ഥിതി ആഘാതം പരിഹരിക്കൽ.

• ശബരിമലയിലെ തീർഥാടകരിൽ ഭൂരിപക്ഷത്തിന്‌ വിമാനയാത്ര താങ്ങാനുള്ള ശേഷിയുണ്ടോ എന്ന സംശയം.

• കേന്ദ്രസർക്കാർ, ബി.ജെ.പി. നിലപാടുകൾ വ്യക്തമാക്കാത്തത്.

error: Content is protected !!