ഒറ്റക്ലിക്കില്‍ രോഗിയുടെ ആരോഗ്യചരിത്രം, ഹെല്‍ത്ത് ഐഡി കാര്‍ഡ്; പുതിയ പദ്ധതിയെക്കുറിച്ച് അറിയാം
ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ശേഷിയുള്ള ഏകീകൃത ഡിജിറ്റല്‍ ആരോഗ്യസംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യ. പദ്ധതി പ്രകാരം ഓരോ ഇന്ത്യന്‍ പൗരനും ഹെല്‍ത്ത് ഐഡി കാര്‍ഡ് ലഭിക്കും. ആ വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ വിവരങ്ങളും ഹെല്‍ത്ത് ഐഡി കാര്‍ഡില്‍ ലഭ്യമായിരിക്കും.
എന്താണ് ദേശീയ ഡിജിറ്റല്‍ ആരോഗ്യ സംവിധാനം?
14 അക്ക തിരിച്ചറിയല്‍ നമ്പറിലൂടെ വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചുവെക്കുകയാണ് ഈ പദ്ധതി പ്രകാരം ചെയ്യുന്നത്. എല്ലാ പൗരന്മാര്‍ക്കും 14 അക്ക ആരോഗ്യ തിരിച്ചറിയല്‍ നമ്പറും, പിഎച്ച്ആര്‍ അഡ്രസ്സും ലഭ്യമാകും. ഓരോ പൗരന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കും. ഇതുവഴി സാര്‍വത്രിക ആരോഗ്യപരിരക്ഷ, ചികിത്സാസഹായങ്ങള്‍ എന്നിവ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ കഴിയും. കണ്‍സെന്റ് മാനേജ്‌മെന്റിന് വേണ്ടിയാണ് പിഎച്ച്ആര്‍ അഡ്രസ്സ്.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
ഹെല്‍ത്ത് ഐഡി വെബ് പോര്‍ട്ടലില്‍ പോയി സ്വയം രജിസ്റ്റര്‍ ചെയ്യുകയോ, ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് എബിഡിഎം ഹെല്‍ത്ത് റെക്കോഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ ഐഡി രജിസ്റ്റര്‍ ചെയ്യാം.
മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിച്ച് ഗുണഭോക്താവിന്റെ ആരോഗ്യവിവരങ്ങള്‍ https://healthid.ndhm.gov.in/ എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
https://healthid.ndhm.gov.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Health ID സെക്ഷനിലെ Create Health ID Nowവില്‍ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവരുന്ന പുതിയ പേജില്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം.
- ആധാര്‍കാര്‍ഡ് ഉപയോഗിച്ച ഹെല്‍ത്ത് ഐഡി ജനറേറ്റ് ചെയ്യുക (Create via Aadhaar)
- എനിക്ക് ആധാറില്ല, ആധാര്‍ ഉപയോഗിച്ച് ഹെല്‍ത്ത് ഐഡി ഉണ്ടാക്കാന്‍ താല്പര്യപ്പെടുന്നില്ല. ഇവിടെ ക്ലിക്ക് ചെയ്യുക(I don’t have Aadhaar/ I don’t want to use my Aadhaar for creating Health ID. Click Here)
- നിലവില്‍ ഹെല്‍ത്ത് ഐഡി ഉണ്ടോ? ലോഗിന്‍ ചെയ്യൂ(Already have a Health ID ? Login)
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി ക്രിയേറ്റ് ചെയ്യുന്നതെങ്കില്‍ ആദ്യ ഒപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കാം. അല്ലെങ്കില്‍ രണ്ടാമത്തെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഹെല്‍ത്ത് ഐഡി ക്രിയേറ്റ് ചെയ്യാം
ആധാര്‍ ഉപയോഗിച്ച് ഹെല്‍ത്ത് ഐഡി ക്രിയേറ്റ് ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഒടിപി വെരിഫിക്കേഷന്‍ ഉളളതാണ്.
പേര്, ജനനത്തീയതി, ലിംഗം, വിലാസം, മൊബൈല്‍ നമ്പര്‍, ചിത്രം തുടങ്ങി വ്യക്തിയുടെ അടിസ്ഥാന വിവരങ്ങളാണ് രജിസ്‌ട്രേഷനായി ചോദിക്കുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുന്നതോടെ വെര്‍ച്വല്‍ ഹെല്‍ത്ത് ഐഡി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ആധാറല്ലാതെ മറ്റു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാനാകുമോ?
നിലവില്‍ ആധാര്‍ അടിസ്ഥാനമാക്കിയുളള രജിസ്‌ട്രേഷന്‍ ആണ് ഉളളത്. താമസിയാതെ പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഉപയോഗിച്ച് ഐഡി ക്രിയേറ്റ് ചെയ്യാനുളള സംവിധാനം ആരംഭിക്കും.
പാസ്‌വേഡ് മറന്നാല്‍
മൊബൈല്‍ ഒടിപി, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് പുതിയ പാസ് വേഡ് പുനഃക്രമീകരിക്കാം
പരാതികള്‍ക്ക് ബന്ധപ്പെടാം
- ndhm@nha.gov.in
- 1800-11-4477/14477
ലഭ്യമാകുന്ന വിവരങ്ങള്‍
രോഗി ഏതുഡോക്ടറെയാണ് കണ്ടത്, ഏതുമരുന്നാണ് കഴിക്കുന്നത്, ഏതെല്ലാം പരിശോധനകള്‍ നടത്തി, രോഗനിര്‍ണയം തുടങ്ങി ഒരു വ്യക്തിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിച്ചുവെക്കുന്നു. രോഗിയുടെ ചികിത്സാചരിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പും സൂക്ഷിക്കുന്നു. രോഗി താമസം മാറുകയാണെങ്കിലും പുതിയ ഡോക്ടറെ കാണുകയാണെങ്കിലും ആ വ്യക്തിയുടെ ആരോഗ്യ ചരിത്രം പൂര്‍ണമായും ഹെല്‍ത്ത് ഐഡിയിലൂടെ ലഭ്യമാകും. രാജ്യത്തെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഫാര്‍മസികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഡേറ്റാബാങ്ക് പോലയാണ് ഇതിന്റെ പ്രവര്‍ത്തനം.
ഈ സംവിധാനത്തിലൂടെ ഓരോ പൗരനും ഡിജിറ്റല്‍ ഹെല്‍ത്ത് ഐ.ഡി. ലഭിക്കും. ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിക്കപ്പെടും. ദൗത്യം രാജ്യത്തെ ആശുപത്രികളുടെ ഡിജിറ്റല്‍ ആരോഗ്യസംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.130 കോടി ആധാര്‍ നമ്പറുകള്‍, 118 കോടി മൊബൈല്‍ നമ്പറുകള്‍, 80 കോടി ഇന്റര്‍നെറ്റ് കണക്ഷന്‍, 43 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ ഉപയോഗിക്കുന്ന രാജ്യം ലോകത്ത് വേറെയില്ല. കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഏറെ സഹായിച്ചു. 90 കോടി വാക്‌സിന്‍ ഡോസുകള്‍ എന്ന റെക്കോഡ് നേട്ടത്തില്‍ എത്തുന്നതിന് ‘കോ-വിന്‍’ വലിയ പങ്കുവഹിച്ചു. ടെലിമെഡിസിനും മുമ്പെങ്ങുമില്ലാത്തവിധം വികസിച്ചു. ഇ-സഞ്ജീവനി വഴി ഇതുവരെ വിദൂരമേഖലകളില്‍നിന്നുള്ള 125 കോടിയോളം പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആയുഷ്മാന്‍ ഭാരത്-പി.എം.ജെ.എ.വൈ. വഴി രണ്ടുകോടിയിലധികം പേര്‍ സൗജന്യ ചികിത്സാസൗകര്യം പ്രയോജനപ്പെടുത്തി. അതില്‍ പകുതിയും സ്ത്രീകളാണ്. കുടുംബങ്ങളെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുന്ന പ്രധാന കാരണമാണ് രോഗം. കുടുംബങ്ങളിലെ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ കഷ്ടതയനുഭവിക്കുന്നത്. സാമ്പത്തികപ്രശ്‌നം കാരണം അവര്‍ അവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിവെക്കുകയാണ്. – പ്രധാനമന്ത്രി പറഞ്ഞു.
രോഗിയുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറില്ല
രോഗിയുടെ സമ്മതത്തോടെ മാത്രമേ രേഖാകൈമാറ്റം നടത്താനാകൂ. രോഗിയുടെ അനുവാദം ലഭിക്കുകയാണെങ്കില്‍ രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. എത്ര സമയം ഇത് ലഭ്യമാകണമെന്നുളളതും രോഗിക്ക് തീരുമാനിക്കാം. ഇക്കാരണങ്ങളാല്‍ എല്ലാ രേഖകളും സുരക്ഷിതമായിരിക്കും.
നിലവില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഐഡി നീക്കം ചെയ്യണമെന്ന് ഒരു വ്യക്തിക്ക് തോന്നുണ്ടെങ്കില്‍ ഉപയോക്താവിന് ഐഡി പൂര്‍ണമായും നീക്കം ചെയ്യുന്നതിന് സാധിക്കും.
ഗുണങ്ങള്‍
ഗുണഭോക്താവിന് സര്‍ക്കാര്‍ അംഗീകൃത വിശ്വാസ്യതയുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാം ,മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് സ്ഥാപനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം, പേപ്പര്‍ രഹിത ഡിജിറ്റല്‍ ആരോഗ്യരേഖകളുടെ ലഭ്യത, ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും തുടങ്ങി നിരവധി ഗുണങ്ങളാണ് ഇതുമൂലം ലഭ്യമാകുക.
എല്ലാവര്‍ക്കും ഹെല്‍ത്ത് ഐഡി ലഭ്യമാകുമോ?
എന്‍ഡിഎച്ച്എമ്മിന് കീഴിലുളള ഹെല്‍ത്ത് ഐഡി തികച്ചും സൗജന്യമാണ്. ഒരു വ്യക്തിയുടെ താല്പര്യപ്രകാരം മാത്രം ചെയ്താല്‍ മതിയാകും.
ഇത്തരത്തിലുളള ലോകത്തെ ആദ്യ സംരംഭമോ?
2005-ല്‍ യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ‘ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ്’സംവിധാനത്തിന് തുടക്കിമിട്ടിരുന്നു. 2010 ആകുന്നതോടെ എല്ലാ വരെയും ഈ കേന്ദ്രീകൃത ഇലക്ട്രോണിക് റെക്കോര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി നിരവധി ആശുപത്രികള്‍ക്ക് ഇലക്ട്രോണിക് പേഷ്യന്റ് റെക്കോര്‍ഡ്‌സ് ലഭിക്കുകയും ചെയ്തു. എന്നാല്‍ 12 ബില്യണ്‍ യൂറോയില്‍ കൂടുതല്‍ നികുതിദായകന് ബാധ്യത സൃഷ്ടിച്ചതോടെ പദ്ധതി തകര്‍ന്നു. ഏറ്റവും ചെലവേറിയ ഹെല്‍ത്ത്‌കെയര്‍ ഐടി പരാജയമായാണ് ഇതിനെ വിലയിരുത്തുന്നത്.
സ്വാതന്ത്ര്യദിനത്തിലെ പ്രഖ്യാപനം
2020 ഓഗസ്റ്റ് 15ന് ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കുന്നത്. പൂര്‍ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുളള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതാണെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. പദ്ധതി രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി, സുതാര്യത എന്നിവ മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ചുരുക്കത്തില്‍ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് ലക്ഷ്യം. 2018-ലാണ് നിതി ആയോഗ് ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ മുന്നോട്ടുവെയ്ക്കുന്നത്.
പൈലറ്റ് ലോഞ്ച് 6 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളില്‍
ഓഗസ്റ്റ് 25ന് 6 സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയിരുന്നു.