റൺവേയുടെ നിലവാരത്തിൽ റോഡ്, പിടിച്ചിരുന്നില്ലെങ്കിൽ താഴെ വീഴും; ഇതുവരെ 21 അപകടങ്ങൾ, 3 മരണം…
∙ നവീകരണം കഴിഞ്ഞതോടെ പൊൻകുന്നം– പ്ലാച്ചേരി റോഡ് ഓർഡിനറിയിൽ നിന്ന് സൂപ്പർഫാസ്റ്റായ അനുഭവമാണ്. ഓരോ സ്റ്റോപ്പിലും നിർത്തി ഞെരങ്ങി ഓടുന്ന ഓർഡിനറി ബസിൽ നിന്നു മാറി സൂപ്പർഫാസ്റ്റിൽ യാത്ര ചെയ്താൽ എങ്ങനെയുണ്ടാവും. പിടിച്ചിരുന്നില്ലെങ്കിൽ യാത്രക്കാർ താഴെ വീഴും. റൺവേയുടെ നിലവാരത്തിലേക്കാണ് ഈ പാതയുടെ മാറ്റം. നീളവും വീതിയും കെട്ടും മട്ടും മാത്രമല്ല മാറിയത്. സ്വഭാവവും മാറി. മുൻപു വാഹനങ്ങൾ ‘കിതച്ചു പാഞ്ഞെങ്കിൽ’ ഇന്ന് അതേ റോഡിൽ അതേ വാഹനങ്ങൾ കുതിച്ചു പായുന്നു. അപകടങ്ങളും കൂടുകയാണ്.
21 അപകടങ്ങൾ
റോഡ് നിർമാണം ആരംഭിച്ചിട്ട് ഒരു വർഷം. ഇതുവരെ 21 അപകടങ്ങൾ. 3 മരണം. 14 പേർക്ക് പരുക്ക്.
റോഡിന്റെ മാറ്റം
പൊൻകുന്നം മുതൽ പ്ലാച്ചേരി വരെ 22.17 കിലോമീറ്റർ. നവീകരണത്തിനു മുൻപ് യാത്രാ സമയം 1.15 മണിക്കൂർ. നവീകരണ ശേഷം 45 മിനിറ്റ്. ഈ മാറ്റം കൊണ്ട് എന്തൊക്കെ സംഭവിക്കുന്നു.
വേഗം കൂടി
റോഡിന്റെ പ്രതലം കൂടുതൽ നിരപ്പുള്ളതും മൃദുവുമായി.20 എംഎം പ്രിമിക്സ് കാർപറ്റാണ് പഴയ റോഡിന്.ബിഎംബിസി നിലവാരത്തിൽ എത്തിയതോടെ 40 എംഎം പ്രിമിക്സ് കാർപറ്റായി. ഇതൂമൂലം വാഹനങ്ങളുടെ വേഗത ഏകദേശം 10 മുതൽ 20 കിലോമീറ്റർ വരെ കൂടുന്നു.മുൻപ് 50 കിലോമീറ്റർ വേഗത്തിൽ പോയിരുന്ന വാഹനം ഇപ്പോൾ 60 കിലോമീറ്റർ വേഗത്തിലായി.ഇതു യാത്രക്കാരുടെയും വാഹനം ഓടിക്കുന്നവരുടെയും കണക്കുകൂട്ടൽ തെറ്റിക്കും.
വീതി കൂടി
പഴയ റോഡിന്റെ വീതി 7 മീറ്ററാണ്. പുതിയ റോഡിന് 10 മീറ്ററും. റോഡ് കടക്കുന്നവർ സൂക്ഷിക്കണം. അവർക്ക് റോഡിലെ ദൂരം കൂടി. നേരത്തേ കടക്കാൻ എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം വേണം.
റോഡ് തെന്നും
റോഡിന്റെ പ്രതലം ഏറെ മൃദുവായി. അമിത വേഗത്തിൽ വന്നാൽ വാഹനം തെന്നും. പ്രതലത്തിന്റെ മാറ്റം ഡ്രൈവർമാർ ഉൾക്കൊള്ളുന്നില്ല.
തിരക്കു കൂടി
റോഡ് നന്നായതോടെ വാഹനങ്ങളുടെ വരവ് കൂടി. ഇതു പ്രധാന പാതയായി. വാഹനങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തിൽ ഏറെ വർധന. പത്തനംതിട്ട, റാന്നി ഭാഗങ്ങളിൽ നിന്നു കൂടുതൽ വാഹനങ്ങൾ എത്തുന്നു.
വളവുകൾ നിവർന്നില്ല
വേഗം കൂടിയെങ്കിലും വളവുകൾ പൂർണമായും നിവർന്നില്ല. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണംവിടുന്നു. പലപ്പോഴും എതിർദിശയിലെ വാഹനം കാണുന്നില്ല.
∙പൊൻകുന്നം ടൗൺ മുതൽ തെക്കേത്തുകവല വരെയുള്ള 5 കിലോമീറ്ററിൽ 9 കൊടും വളവുകൾ.
∙പൊൻകുന്നം മുതൽ ചിറക്കടവ് ക്ഷേത്രം വരെയുള്ള കുത്തനെയുള്ള ഇറക്കത്തിന് അയവു വന്നെങ്കിലും വളവുകളെല്ലാം പഴയ പടിയാണ്.
∙ചിറക്കടവ് ക്ഷേത്രത്തിന് പിന്നിലുള്ള ഭാഗത്ത് വീതി കുറവും കൊടുംവളവുമാണ്.
∙മൂലേപ്ലാവ് വെറ്ററിനറി സബ് സെന്ററിന് മുൻപിലെ ‘ റ ’ വളവ് അപകടത്തിനിടയാക്കും.
∙ മണിമല വലിയ പാലം, ബിഎസ്എൻഎൽ, കറിക്കാട്ടൂർ ആഞ്ഞിലി മൂട്, പ്ലാച്ചേരി ജംക്‌ഷൻ എന്നിവിടങ്ങളിലും അപകടസാധ്യത.
∙പൊന്തൻപുഴ വനത്തിലൂടെയുള്ള ഭാഗത്ത് വീതിക്കുറവാണ്. വെളിച്ചവുമില്ല.
“റോഡിനു വന്ന മാറ്റം യാത്രക്കാരും ഡ്രൈവർമാരും മനസ്സിലാക്കണം. റോഡിന്റെ സ്വഭാവം മാറി. വാഹനങ്ങളുടെ വേഗവും. റോഡിൽ മുന്നറിയിപ്പു നിർദേശങ്ങളുണ്ട്. അവ ശ്രദ്ധിക്കണം. നിർമാണത്തിൽ പോരായ്മകളുണ്ടോയെന്നു പരിശോധിക്കണം.” -ഡോ. സാംസൻ മാത്യുഡയറക്ടർ, നാറ്റ് പാക്, തിരുവനന്തപുരം
“അപകടം കൂടുന്നതിന്റെ കാരണം അന്വേഷിച്ചു. ബൈക്കുകൾ കൂടുതലും റോഡിന്റെ നടുവിലെ വരയോടു ചേർന്നാണ് ഓടിക്കുന്നത്. റോഡിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അവ ശ്രദ്ധിക്കുക. കഴിവതും റോഡിന്റെ ഇടതു ഭാഗം ചേർന്ന് വാഹനം ഓടിക്കുക.” -വി.കെ. ജാസ്മിൻ എക്സിക്യൂട്ടിവ് എൻജിനീയർ, കെഎസ്ടിപി
“വാഹനത്തിരക്ക് 50% കൂടി. അമിത വേഗവും വാഹനത്തിന്റെ നിലവാരക്കുറവും അപകടത്തിനിടയാക്കും. ട്രാഫിക് നിയമം കർശനമായി പാലിക്കണം. നിയമ ലംഘനത്തിന് എതിരെ പൊലീസ് നടപടി സ്വീകരിക്കും.” -എൻ.ബാബുക്കുട്ടൻ.