ചെരിവുള്ള പാത, വളവ്, ഇടറോഡുകൾ ചേരുന്ന പ്രദേശം; അപായകേന്ദ്രമായി 150 മീറ്റർ റോഡ്
കാഞ്ഞിരപ്പള്ളി ∙ അപകടം നിത്യസംഭവമാണ് ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ മുതൽ റാണി ആശുപത്രിപ്പടി വരെയുള്ള 150 മീറ്ററിൽ. ചെരിവുള്ള പാതയിൽ വളവും ഇടറോഡുകൾ ചേരുന്നതുമായ പ്രദേശത്താണ് അപകടമേറെയും. 6 വർഷത്തിനിടെ ഇവിടെ 3 ജീവനുകൾ പൊലിഞ്ഞു. തിങ്കളാഴ്ച ബൈക്കും ഓട്ടോറിക്ഷയും ഇടിച്ച് ഓട്ടോഡ്രൈവർ മരിച്ചു.
10 വയസ്സുള്ള കുട്ടിക്കു പരുക്കേറ്റു. മുൻപ് ഇവിടെ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ടു പേരാണ് മരിച്ചത്. കഴിഞ്ഞ മാസം 2 കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടവുമുണ്ടായി. ഇടറോഡുകൾ ദേശീയ പാതയിലേക്കു പ്രവേശിക്കുന്ന സ്ഥലത്ത് വേഗനിയന്ത്രണ സംവിധാനമില്ല. കഴിഞ്ഞ ദിവസം ജനമൈത്രി പൊലീസും റോട്ടറി ക്ലബ്ബും ചേർന്ന് ഇവിടെ മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചിരുന്നു.
റോഡ് നന്നായപ്പോൾ വാഹനത്തിരക്കേറി. വണ്ടികൾ ചീറിപ്പായാൻ തുടങ്ങിയതോടെ റോഡരികിലൂടെ നടക്കാൻ പേടിയായി തുടങ്ങി. വേഗ നിയന്ത്രണ സംവിധാനം ഒരുക്കണം.– പി.വി.അനീഷ്, പുത്തൻപുരയ്ക്കൽ, ചിറക്കടവ് സെന്റർ
അപകട വളവുകൾ നിവർത്താൻ പരാതി നൽകി. ഇതുവരെ നടപടിയില്ല.– സാബു ബി.നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി തെക്കേത്തുകവല യൂണിറ്റ് സെക്രട്ടറി.